ന്യൂദല്‍ഹി: ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവെക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി. അനിശ്ചിതകാലത്തേക്ക് ബില്ലുകൾ തടഞ്ഞുവെക്കാൻ ഗവര്‍ണര്‍മാര്‍ക്ക് വിവേചനാധികാരമില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് വ്യക്തമാക്കി.
ബില്ലുകളില്‍ തീരുമാനമെടുക്കന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിൻ്റെ വിധിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറന്‍സിനാണ് സുപ്രീം കോടതി മറുപടി നല്‍കിയത്.
കോടതിക്ക് പരിമിതിയുണ്ടെന്നും ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണെന്നും സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ച് പറഞ്ഞു
ഗവര്‍ണറുടെ വിവേചന അധികാരം എന്തിനെല്ലാം ഉപയോഗിക്കാമെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറുകളാണ് ഡ്രൈവിങ് സീറ്റില്‍ ഇരിക്കേണ്ടതെന്നും കോടതി പറഞ്ഞു.
ഗവര്‍ണര്‍ക്ക് ഭരണഘടനപരമായ മൂന്ന് ഓപ്ഷനുകളാണ് ഉള്ളത്. ഒന്നുകില്‍ ബില്‍ അംഗീകരിക്കുക, അല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയക്കുക, അതുമല്ലെങ്കില്‍ ബില്‍ തിരിച്ചയക്കുക.
ഈ മൂന്ന് ഓപ്ഷനുകളിലും ഗവര്‍ണര്‍ക്ക് വിവേചനാധികാരമുണ്ട്. എന്നാല്‍, കാരണം കൂടാതെ ബില്‍ തടഞ്ഞുവെക്കുന്നത് ശരിയല്ലെന്നും ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്നുമാണ് കോടതി വ്യക്തമാക്കി.
ബില്ലിലെ തീരുമാനം വൈകിയാല്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കോടതിയെ സമീപിക്കാനാകും. ഇത്തരം സാഹചര്യങ്ങളില്‍ കോടതിക്ക് വിഷയത്തില്‍ ഇടപെടാനാകുമെന്നും കോടതി നിരീക്ഷിച്ചു. വിധി അഞ്ചംഗ ബെഞ്ചിൻ്റെ ഏകകണ്ഠമായ നിലപാടാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ബില്ലുകള്‍ നിയമമായാല്‍ മാത്രമേ കോടതിക്ക് ജുഡീഷ്യല്‍ പരിശോധന നടത്താന്‍ കഴിയുകയുള്ളു. ബില്ലുകള്‍ പരിഗണനയ്ക്ക് വരുമ്പോള്‍ രാഷ്ട്രപതി സുപ്രീം കോടതിയുടെ ഉപദേശം തേടേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു.
ഭരണഘടനയുടെ 200, 201 എന്നീ ആര്‍ട്ടിക്കിളുകള്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും പ്രവര്‍ത്തിക്കാന്‍ ഒരു സമയപരിധി നിശ്ചയിക്കുന്നതിനെ ന്യായീകരിക്കുന്നില്ലെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
ഭരണഘടനയില്‍ നിബന്ധനകളൊന്നുമില്ലെങ്കില്‍ എങ്ങനെയാണ്, ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുകയെന്നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ചോദ്യമുയര്‍ത്തിയത്. രാഷ്ട്രപതിയുടെ 143(1) പ്രത്യേക അധികാരപ്രകാരമായിരുന്നു സുപ്രീം കോടതി വിധിയിലുള്ള ഇടപെടല്‍.
Content Highlight: Supreme Court says holding up bills without reason is unconstitutional