ന്യൂദല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നി പ്രതിയായ ബെംഗളൂരു സ്‌ഫോടനക്കേസില്‍ നാല് മാസത്തിനകം വിധി പുറപ്പെടുവിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മഅദ്‌നിയടക്കം നിരവധി മലയാളികളെ പ്രതിചേര്‍ത്ത കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിന് ഈ വിധിയോടെ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്.
നാലു മാസത്തിനകം അന്തിമവാദം പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കണമെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. കേസിലെ 28ാം പ്രതിയായ പറവൂര്‍ സ്വദേശി താജുദ്ദീന്റെ ഹരജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. സ്‌ഫോടനക്കേസില്‍ 16 വര്‍ഷമായി വിചാരണ പൂര്‍ത്തിയാക്കാതെ താന്‍ ജയിലില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് താജുദ്ദീന്‍ കോടതിയെ സമീപിച്ചത്.
കേസില്‍ മഅദ്‌നിക്കും മറ്റുള്ളവര്‍ക്കുമെതിരായ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണക്കോടതിയോട് നിര്‍ദേശിക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ആറ് മാസത്തിനകം കേസില്‍ വിധി പറയണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിക്കാതെ ചോദ്യം ചെയ്ത് തിരുത്തിച്ച സര്‍ക്കാരിന് സുപ്രീം കോടതി സമയം കുറച്ച് നല്‍കുകയായിരുന്നു.
ബെംഗളൂരു സ്‌ഫോടനക്കേസില്‍ ആറ് മാസത്തിനകം അന്തിമവാദം കേള്‍ക്കണമെന്ന് 2016ലും 2020ലും രണ്ട് തവണ കര്‍ണാടക ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ അതിനുള്ള നടപടി കൈക്കൊണ്ടിരുന്നില്ല. അന്തിമവാദം കേട്ടുകൊണ്ടിരുന്ന ജഡ്ജിക്ക് സ്ഥലംമാറ്റം ലഭിച്ചതിനാല്‍ പുതിയ ജഡ്ജിക്ക് കീഴിലാണ് ഇപ്പോള്‍ വാദങ്ങള്‍ കേള്‍ക്കുന്നത്.
പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കുന്ന സമയത്തായിരുന്നു പുതിയ ജഡ്ജി നിയമിതനായത്. വീണ്ടും പ്രോസിക്യൂഷന്‍ വാദം ആരംഭിച്ചതോടെ കേസ് ഇനിയും നീണ്ടുപോകുമെന്ന് ചൂണ്ടിക്കാട്ടിയാണ് താജുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചത്. ആറ് മാസത്തിനകം അന്തിമവിധി പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു.
കാലയളവ് പറയരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ആറ് മാസത്തെ സമയപരിധി ഒഴിവാക്കി. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് താജുദ്ദീന്‍ സുപ്രീംകോടതിയെ സമീപിച്ചത്. അഡ്വക്കേറ്റ് അലക്‌സ് ജോസഫാണ് താജുദ്ദീന് വേണ്ടി ഹാജരായത്. 500ലധികം സാക്ഷികളുള്ള കേസില്‍ മരിച്ചവരോ കണ്ടെത്താനാകാത്തവരോ ആയ 100ലധികം സാക്ഷികളെ നേരത്തെ വിചാരണ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
Content Highlight: Supreme Court saying final verdict in Bengaluru blast case must be delivered within four months