ലിവിങ് റിലേഷനില്‍ പിറക്കുന്ന കുട്ടികള്‍ക്കും ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ പൂര്‍വിക സ്വത്തിന് അര്‍ഹത: സുപ്രിം കോടതി
national news
ലിവിങ് റിലേഷനില്‍ പിറക്കുന്ന കുട്ടികള്‍ക്കും ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ പൂര്‍വിക സ്വത്തിന് അര്‍ഹത: സുപ്രിം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st September 2023, 10:28 pm

ന്യൂദല്‍ഹി: നിയമപരമായ സാധുവല്ലാത്ത വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ക്കും ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം കൂട്ടുകുടുംബങ്ങളിലെ പൂര്‍വിക സ്വത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. രക്ഷകര്‍ത്താക്കള്‍ക്ക് ലഭിക്കേണ്ട സ്വത്തിലാകും മക്കള്‍ക്കും അവകാശമുണ്ടാകുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ലിവിങ്ങ് റിലേഷനില്‍ ജീവിക്കുന്നവര്‍ക്ക് പിറക്കുന്ന കുട്ടികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. വിവാഹമോചിതരായ ദമ്പതികളുടെ മക്കള്‍ക്ക് പാരമ്പര്യസ്വത്തില്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഹിന്ദു കൂട്ടുകുടംബത്തിലെ സ്വത്തില്‍ മരിച്ചുപോയ മാതാപിതാക്കളുടെ ഓഹരിക്കും കുട്ടികള്‍ക്ക് അര്‍ഹതയുണ്ട്. എന്നാല്‍ മാതാപിതാക്കളുമായി ഓഹരി തുല്യത പങ്കിടുന്ന മറ്റ് ബന്ധുക്കളുടെ സ്വത്തിന് ഇവര്‍ അര്‍ഹരല്ലെന്നും കോടതി നിരീക്ഷിച്ചു.

ഹന്ദു പിന്തുടര്‍ച്ച പ്രകാരം രാജ്യത്തെ  ഹൈക്കോടതികളിലും സുപ്രിം കോടതിയിലും വിവിധ കേസുകള്‍ നിലവിലുണ്ട്. ഇപ്പോഴത്തെ ഉത്തരവ് പരിഗണിച്ച് രാജ്യത്തെ പല കോടതികളിലുമുള്ള കേസുകളില്‍ തീര്‍പ്പ് കല്‍പ്പക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നിയമസാധുതയില്ലാത്ത വിവാഹത്തില്‍ ലഭിച്ച കുട്ടികള്‍ക്ക് നേരത്തെ മാതാപിതാക്കളുടെ സ്വത്ത് മാത്രമേ ലഭിക്കുമായിരുന്നുള്ളു, പാരമ്പര്യ സ്വത്തില്‍ അവകാശം നല്‍കിയിരുന്നില്ല.