തിരൂരില്‍ വന്ദേ ഭാരതിന് സ്റ്റോപ്പ്; ഹരജി സുപ്രീം കോടതി തള്ളി
Kerala News
തിരൂരില്‍ വന്ദേ ഭാരതിന് സ്റ്റോപ്പ്; ഹരജി സുപ്രീം കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th July 2023, 12:46 pm

ന്യൂദല്‍ഹി: കേരളത്തിലോടുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നുള്ള ആവശ്യം സുപ്രീം കോടതി തള്ളി. ഒരു ഹരജി അനുവദിച്ചാല്‍ പലയിടത്തും സമാനമായ ആവശ്യം ഉയരുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ഏറെ ജനസാന്ദ്രതയുള്ള ജില്ലയായ മലപ്പുറം ജില്ലയുടെ ഭാഗമായ തിരൂരില്‍ കേരളത്തില്‍ ഓടുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന് സ്റ്റോപ്പില്ലാത്തതിന് രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്ന ഹരജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

തിരൂര്‍ സ്വദേശി പി.ടി. ഷിജീഷാണ് അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ട് വഴി ഹരജി നല്‍കിയിരുന്നത്. വിഷയത്തില്‍ കോടതി ഇടപെടണമെന്നായിരുന്ന ഹരജിക്കാരന്റെ ആവശ്യം. എന്നാല്‍ ഇതൊരു നയപരമായ തീരുമാനമാണെന്നും തീവണ്ടികള്‍ക്ക് സ്റ്റോപ്പ് നിശ്ചയിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

കേസ് കോടതി തീരുമാനിച്ചാല്‍ രാജ്യത്തെ പലഭാഗങ്ങളില്‍ നിന്നും വന്ദേ ഭാരതുമായി ബന്ധപ്പെട്ട് ഹരജികള്‍ എത്തും. അതുകൊണ്ട് ഹരജിയില്‍ ഇടപെടുന്നില്ലെന്ന കാര്യമാണ് കോടതി അറിയിച്ചത്. ഇപ്പോള്‍ വന്ദേ ഭാരത് എങ്ങനെയാണ് പോകുന്നത് അതുപോലെ തന്നെ ഓടട്ടെയെന്നും കോടതി പറഞ്ഞു.

തിരൂരില്‍ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തത് ബി.ജെ.പി സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണെന്ന വിമര്‍ശനം ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് മലപ്പുറം ജില്ലയിലെ എം.പിമാര്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് അയച്ചിരുന്നു.

Content Highlight: Supreme Court rejects plea to allow Kerala-bound Vande Bharat Express to stop at Tirur in Malappuram district