ന്യൂദല്‍ഹി: രാജ്യത്ത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സെന്‍സസില്‍ ജാതി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി സുപ്രീം കോടതി തള്ളി. ക്ഷേമ നടപടികള്‍ തയ്യാറാക്കുന്നതിനായി പിന്നാക്ക ജാതികളിലുള്ള വ്യക്തികളുടെ എണ്ണം സര്‍ക്കാര്‍ അറിയേണ്ടതാണെന്ന് ഹരജികള്‍ തള്ളിയ കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരുടെ ബെഞ്ചാണ് സുധാകര്‍ ഗുമ്മുല എന്നയാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചത്. നയപരമായ പരിധിയില്‍ വരുന്നതാണ് ഈ വിഷയമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിക്കുകയും ചെയ്തു.
ജാതി വിവരങ്ങള്‍ ശേഖരിച്ചാല്‍ അവ ദുരുപയോഗം ചെയ്യപ്പെടാമെന്ന് ഹരജിക്കാരന്‍ കോടതിയില്‍ വാദിച്ചു. പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെയോ കോര്‍പറേറ്റുകളുടെയോ കയ്യില്‍ കിട്ടിയാല്‍ ദുരുപയോഗ സാധ്യതയുണ്ടെന്നാണ് ഹരജിക്കാരന്റെ വാദം. ഈ വിവരം ശേഖരിക്കുന്നതിന് ഒരു ന്യായീകരണവും ഇല്ലെന്നും ഹരജിക്കാരന്‍ പറയുന്നു.
ജാതി തിരിച്ചുള്ള സെന്‍സസ് നടത്തുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് ഈ വാദങ്ങളള്‍ തള്ളിക്കൊണ്ട് കോടതി ആരാഞ്ഞു. ‘സെന്‍സസ് ജാതിയുടെ അടിസ്ഥാനത്തിലാവണോ അല്ലയോ എന്നത് നയപരമായ വിഷയമാണ്. അതില്‍ എന്താണ് പ്രശ്‌നം?’ കോടതി ചോദിച്ചു.
‘പിന്നാക്ക ജാതികളിലുള്ളവരുടെ എണ്ണം എന്നായാലും സര്‍ക്കാര്‍ അറിയേണ്ടതാണ്. അവര്‍ക്കായി എന്ത് ക്ഷേമ നടപടികള്‍ സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടതാണ്. അത് നയപരമായ തീരുമാനങ്ങളുടെ പരിധിയില്‍ വരുന്നു,’ കോടതി വ്യക്തമാക്കി.
അടുത്ത വര്‍ഷമാണ് രാജ്യത്ത് സെന്‍സസ് നടപടികള്‍ ആരംഭിക്കുക. 2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് കോവിഡ് വ്യാപനം അടക്കമുള്ള സാഹചര്യങ്ങളെത്തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു. 1931ന് ശേഷം ആദ്യമായി നടക്കുന്ന സമഗ്രമായ ജാതി തിരിച്ചുള്ള സെന്‍സസാണ് 2027ല്‍ വരാനിരിക്കുന്നത്. പൂര്‍ണമായും ഡിജിറ്റലായി രേഖപ്പെടുത്തുന്ന ആദ്യ സെന്‍സസായിരിക്കുമിത്.
സെന്‍സസില്‍ ജാതി വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ സമര്‍പിച്ച ഒരു പൊതു താത്പര്യ ഹരജി സുപ്രീംകോടതി ഈ വര്‍ഷം ഫെബ്രുവരിയില്‍ തള്ളിയിരുന്നു. അക്കാഡമീഷ്യനായ ആകാശ് ഗോയലും മുതിര്‍ന്ന അഭിഭാഷക മുക്ത ഗുപ്തയും സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയായിരുന്നു അന്ന് കോടതി തള്ളിയത്. ജാതി വിവരങ്ങള്‍ ശേഖരിക്കാനായും സെന്‍സസ് നടപടികള്‍ നിയന്ത്രിക്കാനായും 1958ലെയും 1990ലെയും നിയമങ്ങള്‍ സഹായിക്കുമെന്ന് അന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു.
Content Highlight: Supreme Court Rejects Plea Against Caste Enumeration