ന്യൂദല്‍ഹി: ദയാഹരജി തീര്‍പ്പാക്കുന്നതില്‍ കാലതമാസമുണ്ടായാലും വധശിക്ഷ നടപ്പാക്കണമെന്ന് സുപ്രീം കോടതി. ദേവീന്ദര്‍ പാല്‍ സിങ് ബുള്ളര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി സുപ്രധാനമായ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.[]
1993 ല്‍ ദല്‍ഹി യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പ്രതിയായ ദേവീന്ദര്‍ പാല്‍ സിങ് ദീര്‍ഘകാലമായി ശിക്ഷ അനുഭവിക്കുകായാണെന്നും ശിക്ഷ ജീവപര്യന്തമായി കുറക്കണമെന്നും കാണിച്ചായിരുന്നു ഹരജി നല്‍കിയത്. സംഭവത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ജസ്റ്റിസ് ജി.എസ്. സിങ്‌വി, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് വിധി.
2003 ല്‍ രാഷ്ട്രപതിക്ക് ബുള്ളര്‍ ദയാഹരജി നല്‍കിയിരുന്നെങ്കിലും 8 വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ലാണ് ദയാഹരജി പരിഗണിക്കുന്നത്. അന്ന് രാഷ്ട്രപതി ബുള്ളറിന്റെ ദയാഹരജി തള്ളുകയും ചെയ്തിരുന്നു.
2011 ല്‍ ബുള്ളര്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദയാഹരജി പരിഗണിക്കുന്നതില്‍ വന്ന കാലതാമസം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി നല്‍കിയിരുന്നത്. ബുള്ളര്‍ സുപ്രീം കോടതിയെ സമീപിച്ച് ഒരാഴ്ച്ചയ്ക്ക് ശേഷം രാഷ്ട്രപതി ദയാഹരജി തള്ളുകയും ചെയ്തു.
ദയാഹരജി പരിഗണിക്കുന്നത് വൈകിയതിനാല്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് നേരിട്ട് കൊണ്ടിരിക്കുന്നതെന്നും അതിനാല്‍ ശിക്ഷ ജീവപര്യന്തമായി കുറക്കണമെന്നുമായിരുന്നു ദേവീന്ദര്‍ പാല്‍ സിങ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കേസില്‍ ദല്‍ഹി ടാഡ കോടതി ബുള്ളര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇത് പിന്നീട് സുപ്രീം കോടതിയും ശരിവെച്ചിരുന്നു. പിന്നീടാണ് ബുള്ളര്‍ രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിക്കുന്നത്.
ഇന്ത്യയില്‍ വധശിക്ഷ വര്‍ധിക്കുന്നതായി കഴിഞ്ഞ ദിവസം ആംനസ്റ്റി റിപ്പോര്‍ട്ട് വന്നതിന്റെ പിന്നാലെയാണ് വീണ്ടും വധശിക്ഷയെ ശരിവെച്ച് കൊണ്ട് സുപ്രീം കോടതി വിധി വന്നിരിക്കുന്നത്.
ദേവീന്ദര്‍സിങ്ങിന്റെ ഹരജിയിലുണ്ടായിരിക്കുന്ന വിധി വധശിക്ഷ കാത്ത് കഴിയുന്ന രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ എ.ജി പേരരിവാളന്‍, ശാന്തന്‍,മുരുകന്‍, വീരപ്പന്റെ കൂട്ടാളികള്‍ എന്നാരോപിക്കുന്ന നാല് പേര്‍ എന്നിവരടക്കമുള്ള 17 പേരേയും ബാധിക്കും.
കഴിഞ്ഞ 22 വര്‍ഷമായി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ ശിക്ഷ കാത്ത് ജയിലില്‍ കഴിയുകയാണ്.
നിയമപരമായ കാരണങ്ങളാല്‍ ശിക്ഷ നടപ്പാക്കുന്നത് വൈകുന്നവര്‍ക്ക് ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാന്‍ അപേക്ഷിക്കാന്‍ അവസരമില്ലെന്ന് മുംബൈ സ്‌ഫോടനക്കേസ് പരിഗണിക്കവെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
