പാലിയേക്കരയിലെ ടോള്‍പിരിവില്‍ ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി; ഹരജി തള്ളി സുപ്രീം കോടതി
Kerala
പാലിയേക്കരയിലെ ടോള്‍പിരിവില്‍ ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി; ഹരജി തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th August 2025, 9:07 pm

ന്യൂദല്‍ഹി: പാലിയേക്കരയിലെ ടോള്‍പിരിവ് തടസപ്പെടുത്തിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഹരജി തള്ളിക്കൊണ്ടാണ് കോടതി തീരുമാനം അറിയിച്ചത്.

പൗരന്മാരുടെ ദുരവസ്ഥയില്‍ ആശങ്കയുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ഗതാഗതം സുഗമമാക്കാന്‍ ഹൈക്കോടതിയുടെ മേല്‍നോട്ടം ഉണ്ടാകണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

നാലാഴ്ചത്തേക്ക് ടോള്‍പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ ആവശ്യം. ഗതാഗത പ്രശ്നം രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമാണ് ഉള്ളതെന്നായിരുന്നു നാഷണല്‍ ഹൈവേ അതോറിറ്റിയുടെ വാദം.

എന്നാല്‍ കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച സുപ്രീം കോടതി, റോഡിന്റെ അവസ്ഥ മോശമായി തുടരുകയാണെന്നും ആംബുലന്‍സിന് പോലും പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും നിരീക്ഷിച്ചിരുന്നു. ടോള്‍ നല്‍കിയിട്ടും ദേശീയപാത അതോറിറ്റി സേവനം നല്‍കുന്നില്ലെന്നും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വിമര്‍ശിച്ചു.

വിഷയത്തില്‍ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് നേരിട്ട് അറിവുണ്ടെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. യാത്ര ദുഷ്‌കരമാണെങ്കില്‍ ജനങ്ങള്‍ എന്തിന് ടോള്‍ നല്‍കണമെന്ന ചോദ്യമുയര്‍ത്തിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ടോള്‍ പിരിക്കുന്നവര്‍ക്ക് മികച്ച റോഡ് ഉറപ്പാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ പാലിയേക്കരയിലെ ടോള്‍പിരിവ് നിര്‍ത്തലാക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

പാലിയേക്കര ടോള്‍പിരിവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ മുന്നറിയിപ്പ്. അങ്കമാലി മുതല്‍ പാലിയേക്കര വരെയുള്ള നിലവിലെ യാത്ര വളരെ ദുഷ്‌കരമാണെന്ന് ഹരജിയില്‍ പറഞ്ഞിരുന്നു. ഈ വഴിയുള്ള യാത്ര ദുഷ്‌കരമാണെന്ന് കാണിച്ച് തൃശൂര്‍ ജില്ലാ കളക്ടറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Content Highlight: National Highways Authority suffers setback in Paliyekkara toll collection; Supreme Court rejects petition