സി.ജെ.പിക്കെതിരായ ഹരജി: 'ഇത്ര വൈകാരികമാകേണ്ടതില്ല', അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി
national news
സി.ജെ.പിക്കെതിരായ ഹരജി: 'ഇത്ര വൈകാരികമാകേണ്ടതില്ല', അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി
ആദര്‍ശ് എം.കെ.
Monday, 25th May 2026, 1:58 pm

 

ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെയും പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ക്കെതിരെയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി.എം. പാഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

ഈ പാര്‍ട്ടി ജുഡീഷ്യറിയുടെ പ്രതിച്ഛായ തകര്‍ക്കുകയാണെന്നായിരുന്നു ഹരജിക്കാരന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് എന്‍.കെ. ഗോസ്വാമിയുടെ വാദം. എന്നാല്‍ ഇതിനെ അത്രകണ്ട് വൈകാരികമായി പരിഗണിക്കേണ്ടതില്ല എന്ന് കോടതി പ്രതികരിച്ചു.

‘അത്ര വലിയ അടിയന്തര സാഹചര്യമൊന്നുമില്ല. നമുക്ക് നോക്കാം’ എന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്. കേസ് സാധാരണ നടപടിക്രമങ്ങളിലൂടെ പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി വെച്ചു.

കോടതിയിലെ നിരീക്ഷണങ്ങളെ വളച്ചൊടിച്ച് മീമുകളായും മറ്റും പ്രചരിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്നും കോടതി പരാമര്‍ശങ്ങളെ തങ്ങളുടെ വാണിജ്യ, വ്യക്തി ലാഭത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നുമായിരുന്നു അഡ്വക്കേറ്റ് രാജാ ചൗധരി സമര്‍പ്പിച്ച ഹരജിയിലെ പ്രധാന വാദങ്ങള്‍.

വ്യാജ അഭിഭാഷകരെയും വ്യാജ നിയമ ബിരുദങ്ങളെയും കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും ഇയാള്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

തൊഴിലില്ലായ്മ, സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളില്‍ ഹാസ്യരൂപേണയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനാണ് ഈ കൂട്ടായ്മ രൂപീകരിച്ചതെങ്കിലും, ഇത് കോടതിയെ അപമാനിക്കുന്ന തരത്തിലുള്ള വാണിജ്യ പ്രചാരണമായി മാറിയെന്നാണ് ഹര്‍ജിക്കാരന്റെ വാദം

മെയ് 15ന് നടന്ന കോടതി നടപടിക്കിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പരാമര്‍ശത്തില്‍ നിന്നാണ് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ എന്ന സോഷ്യല്‍ മീഡിയ മൂവ്മെന്റ് ഉടലെടുത്തത്.

തൊഴിലില്ലാത്ത യുവ അഭിഭാഷകര്‍ പ്രാക്ടീസ് ഉപേക്ഷിച്ച് സോഷ്യല്‍ മീഡിയയിലേക്കും വിവരാവകാശ പ്രവര്‍ത്തനങ്ങളിലേക്കും തിരിയുന്നതിനെക്കുറിച്ച് സംസാരിക്കവെ, ‘അത്തരത്തിലുള്ള യുവാക്കള്‍ പാറ്റകളെപ്പോലെ സമൂഹത്തില്‍ പരാദങ്ങളായി മാറുകയാണ്’ എന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു.

എന്നാല്‍ തന്റെ പരാമര്‍ശം തെറ്റായ രീതിയില്‍ ഉദ്ധരിക്കപ്പെട്ടതാണെന്നും, വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് നിയമരംഗത്ത് എത്തുന്നവരെയാണ് താന്‍ ഉദ്ദേശിച്ചതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചിരുന്നു. ഇന്ത്യയിലെ യുവാക്കള്‍ രാജ്യത്തിന്റെ നെടുംതൂണുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Supreme Court refuses to urgently consider petition against CJP

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.