ന്യൂദല്‍ഹി: തമിഴ്‌നാട് സര്‍ക്കാര്‍ പദ്ധതികളില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പേര് ഉപയോഗിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രിം കോടതി. ഹരജിക്കാരനായ എ.ഐ.എ.ഡി.എം.കെ എം.പിക്ക് കോടതി 10 ലക്ഷം രൂപ പിഴയും ചുമത്തി.
ഇത്തരം രാഷ്ട്രീയ പോരാട്ടങ്ങള്‍ വോട്ടര്‍മാര്‍ക്ക് മുമ്പാകെ പരിഹരിക്കണമെന്നും കോടതികളെ അതിന് ഉപയോഗിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു.
സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി പ്രഖ്യാപിച്ച ‘ഉങ്കലുടന്‍ സ്റ്റാലിന്‍’ (നിങ്ങളുടെ സ്റ്റാലിന്‍) പദ്ധതിക്ക് എം.കെ. സ്റ്റാലിന്റെ പേര് ഉപയോഗിക്കുന്നത് വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.
ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഡി.എം.കെയും തമിഴ്നാട് സര്‍ക്കാരും സമര്‍പ്പിച്ച ഹരജികളിലാണ് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ , ജസ്റ്റിസ് എന്‍വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.
നേതാക്കളുടെ പേരിലുള്ള പദ്ധതികള്‍ രാജ്യത്തുടനീളം സാധാരണമായിരിക്കെ, തമിഴ്നാട് സര്‍ക്കാരിന്റെ പദ്ധതി മാത്രം ഉയര്‍ത്തിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയ എ.ഐ.എ.ഡി.എം.കെ എം.പി സി.വി. ഷണ്‍മുഖത്തിന്റെ നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചു.
എ.ഐ.എ.ഡി.എം.കെയുടെ ഭരണകാലത്ത് നേതാക്കളുടെ പേരില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയിരുന്നു എന്ന ഡി.എം.കെയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
‘രാജ്യത്തെമ്പാടും രാഷ്ട്രീയ നേതാക്കളുടെ പേരില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും പേരില്‍ ഇത്തരം പദ്ധതികള്‍ ഉണ്ടായിരിക്കെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ഒരു രാഷ്ട്രീയ നേതാവിനെയും മാത്രം തെരഞ്ഞുപിടിച്ചുള്ള ഹരജിക്കാരന്റെ ഈ ഇടപെടലിനെ ഞങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല.
രാഷ്ട്രീയ ഫണ്ടുകളുടെ ദുരുപയോഗത്തെക്കുറിച്ച് ഹര്‍ജിക്കാരന് ഇത്രയധികം ആശങ്കയുണ്ടെങ്കില്‍, അദ്ദേഹത്തിന് അത്തരം എല്ലാ പദ്ധതികളെയും വെല്ലുവിളിക്കാമായിരുന്നു. എന്നാല്‍ ഒരു രാഷ്ട്രീയ നേതാവിനെ മാത്രം കുറ്റപ്പെടുന്നത് ഹരജിക്കാരന്റെ ഉദ്ദേശ്യങ്ങള്‍ വെളിവാക്കുന്നതാണ്,’ കോടതി നിരീക്ഷിച്ചു.
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി മൂന്ന് ദിവസത്തിനുള്ളില്‍ ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതില്‍ കോടതി അതൃപ്തി അറിയിക്കുകയും ചെയ്തു.
റിട്ട് ഹരജി നിയമത്തെ കുറിച്ച് തെറ്റായ ധാരണയുണ്ടാക്കുക മാത്രമല്ല നിയമ പ്രക്രിയയുടെ ദുരുപയോഗം കൂടിയാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു.
രാഷ്ട്രീയ പോരാട്ടങ്ങള്‍ വോട്ടര്‍മാര്‍ക്ക് മുമ്പില്‍ പരിഹരിക്കണമെന്നും കോടതികളെ ഇതിനായി ഉപയോഗിക്കരുതെന്നും വിധി ന്യായത്തില്‍ കോടതി നിരീക്ഷിച്ചു.
ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന ഹരജി കോടതി സ്വന്തം നിലയില്‍ പിന്‍വലിക്കുകയും ഹരജിക്കാരന് 10 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഈ തുക ഒരാഴ്ചയ്ക്കുള്ളില്‍ തമിഴ്നാട് സര്‍ക്കാരില്‍ നിക്ഷേപിക്കണമെന്നും സര്‍ക്കാര്‍ ഈ തുക പിന്നാക്കം നില്‍ക്കുന്നവരുടെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഡി.എം.കെയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി, ഡോ. എ.എം. സിംഗ്വി എന്നിവരായിരുന്നു ഹാജരായത്.
2015ലെ സുപ്രീം കോടതി വിധി പ്രകാരം, നിലവിലെ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ചിത്രങ്ങള്‍ ക്ഷേമ പദ്ധതികള്‍ക്കായി ഉപയോഗിക്കാന്‍ അനുവാദമുണ്ടെന്ന് റോഹത്ഗി കോടതിയില്‍ വാദിച്ചിരുന്നു.
എ.ഐ.എ.ഡി.എം.കെയുടെ ഭരണകാലത്ത് പോലും ‘അമ്മ’യുടെ (അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിത) പേരില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രമല്ല കേസില്‍ വാദം കേട്ട ആദ്യ ദിവസം തന്നെ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെയും റോഹത്ഗി വിമര്‍ശിച്ചിരുന്നു.
Content Highlight: Supreme Court Quashes HC Order Banning Use Of CM Stalin’s Name For TN Govt Scheme