ആശാറാം ബാപ്പുവിന്റെ ശിക്ഷ മരവിപ്പിക്കാനുള്ള അപേക്ഷ; രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്
national news
ആശാറാം ബാപ്പുവിന്റെ ശിക്ഷ മരവിപ്പിക്കാനുള്ള അപേക്ഷ; രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്
ആദര്‍ശ് എം.കെ.
Tuesday, 30th June 2026, 7:18 pm

ന്യൂദല്‍ഹി: 2013ലെ ജോധ്പൂര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതി രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, ഷീല്‍ നാഗു എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ നോട്ടീസ് അയച്ചത്.

നോട്ടീസ് അയച്ചെങ്കിലും, ഈ ഘട്ടത്തില്‍ ആശാറാമിന്റെ ശിക്ഷ മരവിപ്പിക്കാനോ ഉടനടി ജാമ്യം നല്‍കാനോ കോടതി തയ്യാറായിട്ടില്ല.

ആശാറാം ബാപ്പുവിന്റെ ആരോഗ്യനിലയില്‍ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള അതീവ ഗുരുതരമായ സാഹചര്യമുണ്ടെങ്കില്‍ മാത്രമേ ജാമ്യം നല്‍കുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.

നിലവില്‍ ജയിലില്‍ അദ്ദേഹത്തിന് നല്‍കിവരുന്ന ചികിത്സാ സൗകര്യങ്ങള്‍ തുടരാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇയാളുടെ ആരോഗ്യനില വഷളാകുകയാണെങ്കില്‍ അടിയന്തരമായി കേസ് പരിഗണിക്കാന്‍ അപേക്ഷിക്കാമെന്നും ബെഞ്ച് അറിയിച്ചു.

ആശാറാമിന് 80 വയസ്സിലധികം പ്രായമുണ്ടെന്നും അദ്ദേഹം വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും സീനിയര്‍ അഡ്വക്കേറ്റ് ഡി.എസ്. നായിഡു വാദിച്ചു. തന്റെ കക്ഷി ‘സോഷ്യല്‍ മീഡിയ ട്രയലിന്റെ’ ഇരയാണെന്നും അദ്ദേഹം കോടതിയില്‍ ആരോപിച്ചു.

എന്നാല്‍, ഇരയായത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വക്കീല്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു.

ജൂണ്‍ രണ്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആശാറാമിന്റെ ആരോഗ്യത്തിന് നിലവില്‍ ഭീഷണിയില്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

2013ല്‍ തന്റെ ആശ്രമത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ആശാറാം ബാപ്പു ശിക്ഷിക്കപ്പെട്ടത്. 2018 ഏപ്രിലില്‍ ജോധ്പൂരിലെ പ്രത്യേക പോക്‌സോ കോടതി ഇയാള്‍ത്ത് സ്വാഭാവിക മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

2026 മേയില്‍ രാജസ്ഥാന്‍ ഹൈക്കോടതി ഈ ശിക്ഷ ശരിവെച്ചിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്തും ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് അദ്ദേഹം ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, രാജസ്ഥാന്‍ ഹൈക്കോടതി ഈ കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്ന മറ്റ് രണ്ട് കൂട്ടുപ്രതികളെ (ശരദ്, ശില്പി) വെറുതെ വിട്ടിരുന്നു.

 

Content Highlight: Supreme Court issues notice to Rajasthan government on plea seeking stay of Asaram Bapu’s sentence

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.