ഇന്ത്യന്‍ ജയിലുകളിലെ ജാതി വിവേചനം; മാധ്യമപ്രവര്‍ത്തകയുടെ ഹരജില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി
national news
ഇന്ത്യന്‍ ജയിലുകളിലെ ജാതി വിവേചനം; മാധ്യമപ്രവര്‍ത്തകയുടെ ഹരജില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd January 2024, 8:54 pm

ന്യൂദല്‍ഹി: ഇന്ത്യയിലെ ജയിലുകളില്‍ നിലനില്‍ക്കുന്ന ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവും തൊഴില്‍ നിയമങ്ങളും വെളിപ്പെടുത്തികൊണ്ട് മാധ്യമപ്രവര്‍ത്തക സുകന്യ ശാന്ത സമര്‍പ്പിച്ച ഹരജിയില്‍ വാദം കേട്ട് സുപ്രീം കോടതി.

ഹരജിയില്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെയാണ് വാദം നടന്നത്. മാധ്യമസ്ഥാപനമായ ദി വയര്‍ നടത്തിയ അന്വേഷണത്തിലാണ് ജയിലിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്. ഇതിനെ തുടര്‍ന്ന് ദി വയര്‍ റിപ്പോര്‍ട്ടര്‍ സുകന്യ ശാന്ത സുപ്രീം കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

ജയിലുകളിലെ ജാതിയുടെ അടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനം, വേര്‍തിരിവ്, ഡിനോട്ടിഫൈഡ് ഗോത്രങ്ങള്‍ക്കെതിരെ പ്രത്യേകമായി ഉപയോഗിക്കുന്ന വിവേചനപരമായ വകുപ്പുകള്‍ അടക്കമുള്ള വിവരങ്ങള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വയര്‍ പുറത്തുവിട്ട ഈ വിവരങ്ങള്‍ ഇന്ത്യയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഹരജിയില്‍ വാദം കേട്ട സി.ജെ.ഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വെല്ലൂരിലെ ജയില്‍ അക്കാദമിക്കും തിരുത്തല്‍ അഡ്മിനിസ്‌ട്രേഷനും നോട്ടീസ് അയച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ ജയില്‍ ചട്ടം അനുവര്‍ത്തിക്കുന്ന 11 സംസ്ഥാനങ്ങള്‍ക്കും കോടതി നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാലാഴ്ചക്കകം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടക്കമുള്ള സ്ഥാപനങ്ങള്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഹരജിയില്‍ സുകന്യ ഉന്നയിച്ച വിഷയങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

ഇന്ത്യയുടെ നീതിവ്യവസ്ഥക്ക് കളങ്കം വരുത്തുന്ന രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എസ്. മുരളീധര്‍ കോടതിയോട് പറഞ്ഞു. അഭിഭാഷകന്‍ എസ്. പ്രസന്ന മുഖേനയാണ് സുകന്യ ഹരജി സമര്‍പ്പിച്ചത്.

Content Highlight: Supreme Court issues notice to central government on plea of ​​journalist pointing out caste discrimination in Indian prisons