ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ ഇടപെട്ട് സുപ്രീം കോടതി
national news
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ ഇടപെട്ട് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th May 2025, 6:25 pm

ന്യൂദല്‍ഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകളില്‍ ഇടപെട്ട് സുപ്രീം കോടതി. ഐ.ഐ.ടി ഖരഖ്പൂരിലെ വിദ്യാര്‍ത്ഥിയുടെയും രാജസ്ഥാനിലെ കോട്ടയിലെ നീറ്റ് പരീക്ഷാര്‍ത്ഥിയുടെയും ആത്മഹത്യകള്‍ സംബന്ധിച്ച ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

ജസ്റ്റിസുമാരായ ജെ.ബി. പര്‍ധിവാല, ആര്‍. മാധവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.

പ്രസ്തുത കേസുകളില്‍ അടക്കം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതുസംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. രണ്ട് രജിസ്ട്രികളില്‍ നിന്നുള്ള വിവരങ്ങള്‍ എത്രയും വേഗം ഹാജരാക്കണമെന്നാണ് കോടതി അറിയിച്ചത്.

വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.

നേരത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യകള്‍ തടയുന്നതിനും വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ ആശങ്കകള്‍ പരിഹരിക്കുന്നതിനുമായി മുന്‍ സുപ്രീം കോടതി ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടിന്റെ നേതൃത്വത്തില്‍ ദേശീയ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചത്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ തടയുന്നതിന് അവരുടെ മാനസികാരോഗ്യത്തെ അഭിസംബോധന ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

2025 മെയ് നാലിനാണ് ഖരഗ്പൂരിലെ ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബീഹാറിലെ ഷിയോഹര്‍ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് ആസിഫ് ഖമര്‍ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. മൂന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു.

നീറ്റ് പരീക്ഷ നടക്കാനിരിക്കെയാണ് മധ്യപ്രദേശ് സ്വദേശിയായ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. മധ്യപ്രദേശിലെ ഷിയോപൂരില്‍ നിന്നുള്ള 18കാരിയാണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോട്ടയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചുകൊണ്ടാണ് പെണ്‍കുട്ടി പരീക്ഷക്കായി തയ്യാറെടുത്തിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

2025ല്‍ മാത്രമായി കോട്ടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 17 വിദ്യാര്‍ത്ഥി ആത്മഹത്യകളാണ്. ഈ സംഭവങ്ങളിലെല്ലാം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നാണ് കോടതി ചോദ്യമുയര്‍ത്തിയത്. പ്രസ്തുത കേസിലെ വാദം മെയ് 13ലേക്ക് മാറ്റിയതായും കോടതി അറിയിച്ചു.

Content Highlight: Supreme Court intervenes in student suicides in higher education institutions