ന്യൂദല്‍ഹി: ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ദീപാവലിക്ക് പടക്കം പൊട്ടിക്കാന്‍ പ്രത്യേക നിബന്ധനകളോടെ അനുമതി നല്‍കി സുപ്രീം കോടതി.
കുറഞ്ഞ മലിനീകരണമുണ്ടാക്കുന്ന പ്രത്യേകമായി തയ്യാറാക്കിയ ‘ഗ്രീന്‍ ക്രാക്കേഴ്‌സ്’ ഉപയോഗിക്കാനാണ് സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 18 മുതല്‍ 21 വരെ മാത്രമാണ് പടക്കങ്ങള്‍ ഉപയോഗിക്കാനാവുകയെന്ന് ഉത്തരവില്‍ പറയുന്നു. ഒക്ടോബര്‍ ഇരുപതിനാണ് ഇത്തവണത്തെ ദീപാവലി.
പടക്കങ്ങള്‍ ഉപയോഗിക്കാനായി പ്രത്യേക സമയവും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണി മുതല്‍ എട്ട് മണിവരെയും രാത്രി എട്ട് മണി മുതല്‍ പത്ത് മണി വരെയും മാത്രമാണ് പടക്കങ്ങള്‍ പൊട്ടിക്കാനാവുക.
ദല്‍ഹിക്ക് പുറത്തുനിന്നെത്തിക്കുന്ന പടക്കങ്ങള്‍ക്കും ബറിയം അടങ്ങിയ പടക്കങ്ങള്‍ക്കും ദല്‍ഹിയില്‍ സമ്പൂര്‍ണ നിരോധനവുമേര്‍പ്പെടുത്തിയിട്ടുണ്ട്.
അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് നിലവിലുണ്ട്. ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ച് സുപ്രീം കോടതി വിലക്കിന് ഇളവ് നല്‍കിയിരിക്കുകയാണ്.
സാധാരണ പടക്കങ്ങളെ അപേക്ഷിച്ച് വലുപ്പവും, കത്തിക്കുമ്പോള്‍ ചാരവും പുകയുമെല്ലാം കുറവുമുള്ളവയുമാണ് ഗ്രീന്‍ ക്രാക്കേഴ്‌സ്. ബറിയം നൈട്രേറ്റ് പോലുള്ള അപകടകാരികളായ രാസവസ്തുക്കളുടെ ഉപയോഗവും ഈ പടക്കങ്ങളില്‍ കുറവായിരിക്കും.
ഈ പടക്കങ്ങള്‍ വില്‍ക്കുന്നതിനും സുപ്രീം കോടതി ചട്ടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ക്യൂആര്‍ കോഡുള്ള പടക്കങ്ങള്‍ക്ക് മാത്രമാണ് വില്‍പനയ്ക്ക് അനുമതിയുള്ളത്. സി.എസ്.ഐ.ആര്‍, എന്‍.ഇ.ഇ.ആര്‍.ഐ തുടങ്ങിയ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റും ലോഗോയും ഗ്രീന്‍ പടക്കങ്ങള്‍ക്ക് നിര്‍ബന്ധമാണ്.
ഇവയുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക പട്രോളിങ് സംഘത്തെ നിയോഗിക്കാനും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. അനധികൃതമായി പടക്കങ്ങള്‍ വില്‍പനയ്‌ക്കെത്തിച്ചാല്‍ അവ പിടിച്ചെടുക്കാനും കച്ചവടക്കാരുടെ ലൈസന്‍സ് റദ്ദാക്കാനും പിഴയീടാക്കാനും അനുവാദം നല്‍കിയിട്ടുണ്ട്.
കോടതി നിര്‍ദേശ പ്രകാരം കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ ഒക്ടോബര്‍ 14 മുതല്‍ ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് അളക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.
Content Highlight: ‘Green Crackers’ with QR Code; Supreme Court grants special permission to burst firecrackers in Delhi for Diwali