വഖഫ് ഭേദഗതി ബിൽ; വിവാദ വകുപ്പുകൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ
India
വഖഫ് ഭേദഗതി ബിൽ; വിവാദ വകുപ്പുകൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th September 2025, 10:51 am

ന്യൂദല്‍ഹി: വഖഫ് ഭേദഗതി നിയമം ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

വഖഫ് ഭേദഗതിക്കെതിരെ നൂറോളം ഹരജികളാണ് കോടതിയുടെ സമക്ഷമെത്തിയത്. ഇതില്‍ അഞ്ച് ഹരജികള്‍ പരിഗണച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. നിയമത്തിലെ വിവാദ വകുപ്പുകളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

ബോര്‍ഡില്‍ മൂന്നില്‍ കൂടുതല്‍ അമുസ്‌ലിങ്ങള്‍ പാടില്ലെന്ന് ഉത്തരവിട്ട കോടതി ജില്ലാ കലക്ടറുടെ അധികാരവും സ്റ്റേ ചെയ്തിട്ടുണ്ട്. വഖഫ് ചെയ്യണമെങ്കില്‍ അഞ്ച് വര്‍ഷം മുസ്‌ലിം മതവിശ്വാസിയായിരിക്കണമെന്ന വ്യവസ്ഥയും കോടതി സ്റ്റേ ചെയ്തു. സെക്ഷന്‍ മൂന്ന് പൂര്‍ണമായും റദ്ദ് ചെയ്തിട്ടുണ്ട്.

നിലവില്‍ തര്‍ക്കത്തിലുള്ള സ്വത്തുക്കള്‍ ഹരജികളില്‍ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ വഖഫായി തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വഖഫ് ബോര്‍ഡ് സി.ഇ.ഒ മുസ്‌ലിം ആയിരിക്കുന്നതാണ് ഉചിതമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കിയിട്ടില്ല.

വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും വഖഫ് ബോര്‍ഡില്‍ ഇതര മതസ്ഥരെ നിയമിക്കുന്നത് ശരിയല്ലെന്നുമാണ് ഹരജിക്കാരുടെ വാദം.

നേരത്തെ വഖഫ് ഭേദഗതി നിയമം പൂര്‍ണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നിയമത്തില്‍ ചില പോസിറ്റീവ് വശങ്ങളുണ്ടെന്നും നിയമനിര്‍മാണം കൊണ്ട് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി പറഞ്ഞിരുന്നു.

നിലവില്‍ വഖഫായി രേഖപ്പെടുത്തിയ സ്വത്തുക്കളുടെ തല്‍സ്ഥിതി തുടരണമെന്നും വഖഫ് ബോര്‍ഡില്‍ ഇതരമതസ്ഥരെ നിയമിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ തീരുമാനം എടുക്കുന്നത് ന്യായമാണോയെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.

അതേസമയം ദരിദ്രരായ പൗരന്മാരുടെ ഭൂമി കൈയേറ്റങ്ങള്‍ ഒഴിവാക്കുന്നതിനായാണ് നിയമം പാസാക്കിയതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. തത്ക്കാലം വഖഫ് ബോര്‍ഡില്‍ അമുസ്‌ലിങ്ങളെ നിയമിക്കില്ലെന്നും സ്വത്തുക്കള്‍ ഡീ-നോട്ടിഫൈ ചെയ്യില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.

Content Highlight: Supreme Court grants partial stay on Waqf amendment