കേന്ദ്രത്തിന് പിഴയിട്ട് സുപ്രീം കോടതി; നടപടി ജേക്കബ് തോമസ് പ്രതിയായ കേസില്‍ തെറ്റിദ്ധരിപ്പിച്ചതിന്
India
കേന്ദ്രത്തിന് പിഴയിട്ട് സുപ്രീം കോടതി; നടപടി ജേക്കബ് തോമസ് പ്രതിയായ കേസില്‍ തെറ്റിദ്ധരിപ്പിച്ചതിന്
രാഗേന്ദു. പി.ആര്‍
Tuesday, 20th January 2026, 8:40 pm

ന്യൂദല്‍ഹി: മുന്‍ ഡി.ജി.പി ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജര്‍ അഴിമതി കേസില്‍ തെറ്റായ വിവരം നല്‍കിയതിന് കേന്ദ്ര സര്‍ക്കാരിന് പിഴയിട്ട് സുപ്രീം കോടതി.

2,5000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ രാജേഷ് ബിന്‍ഡാല്‍, വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. തെറ്റായ വിവരം നല്‍കി കോടതിയെ വിഡ്ഢിയാക്കാനാണോ ശ്രമമെന്ന് ബെഞ്ച് ചോദിച്ചു.

നേരത്തെ ഡ്രഡ്ജര്‍ അഴിമതി കേസിലെ അന്വേഷണത്തിനായി നെതര്‍ലാന്‍ഡില്‍ പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന വിജിലന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇതുസംബന്ധിച്ച പട്ടിക കൈമാറിയിരുന്നു.

2025 നവംബറിലാണ് വിജിലന്‍സ് ഈ പട്ടിക കൈമാറിയത്. എന്നാല്‍ വിജിലന്‍സ് ഇതുവരെ പട്ടിക കൈമാറിയിട്ടില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.

ഇന്ന് (ചൊവ്വ) രാവിലെയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്.

പിന്നാലെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഹര്‍ഷദ് വി. ഹമീദ് എന്നിവര്‍ സോളിസിറ്ററുടെ വാദത്തെ എതിര്‍ത്തു.

വിജിലന്‍സ് കേന്ദ്രത്തിനയച്ച കത്തിന്റെ പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിച്ചുകൊണ്ടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.

തുടര്‍ന്ന് സോളിസിറ്റര്‍ ജനറല്‍ തന്നെ, താന്‍ നല്‍കിയ വിവരം തെറ്റാണെന്ന് കോടതിയില്‍ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ കൈമാറിയ വിവരമാണ് കോടതിയില്‍ ബോധിപ്പിച്ചതെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

സംസ്ഥാനമുന്നയിക്കുന്ന വാദത്തില്‍ വസ്തുത ഉണ്ടോയെന്ന് പരിശോധിക്കാന്‍ എസ്.വി. രാജുവിനെ തന്നെയാണ് കോടതി ചുമതലപ്പെടുത്തിയത്. ഇതിനുപിന്നാലെ സോളിസിറ്റര്‍ ജനറല്‍ കേന്ദ്രവുമായി ബന്ധപ്പെടുകയും ഉച്ചയ്ക്ക് ശേഷം കോടതിയെ വിവരം തെറ്റായിരുന്നുവെന്ന് അറിയിക്കുകയും ആയിരുന്നു.

50,000 രൂപ പിഴയിടാനായിരുന്നു കോടതിയുടെ തീരുമാനം. സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ത്ഥന പ്രകാരം വെട്ടിക്കുറയ്ക്കുകയായിരുന്നു.

Content Highlight: Supreme Court fines the Center; Action taken for misleading information in the case of Jacob Thomas accused

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.