ഹേറ്റ് ക്രൈം; പരാതി നല്‍കിയിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നര വര്‍ഷത്തിന് ശേഷം; യു.പി പൊലീസിന്റെ അനാസ്ഥയെ വിമര്‍ശിച്ച് സുപ്രീം കോടതി
national news
ഹേറ്റ് ക്രൈം; പരാതി നല്‍കിയിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നര വര്‍ഷത്തിന് ശേഷം; യു.പി പൊലീസിന്റെ അനാസ്ഥയെ വിമര്‍ശിച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th February 2023, 10:23 am

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസിന്റെ അനാസ്ഥയെ വിമര്‍ശിച്ച് സുപ്രീം കോടതി. നോയിഡയില്‍ നടന്ന വിദ്വേഷ കുറ്റകൃത്യത്തിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് 1.5 വര്‍ഷത്തിന് ശേഷമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം.

2021 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. 62കാരനായ മുസ്‌ലിം യുവാവ് തന്നെ ഏതാനും ചിലര്‍ സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെ സംഘം കാറിനുള്ളിലേക്ക് നിര്‍ബന്ധിച്ചു കയറ്റിയ ശേഷം താടിയില്‍ വലിക്കുകയും, വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയും ഉപദ്രവിക്കുകയും ചെയ്തു എന്നാണ് കേസ്.

എന്നാല്‍ സംഭവം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് ഡയറി സമര്‍പ്പിക്കണമെന്ന് കോടതി ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിട്ടും ഹിയറിങ്ങിന്റെ അവസാന ദിവസമാണ് പൊലീസ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. നടന്നത് വിദ്വേഷ കുറ്റകൃത്യമല്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്.

സംഭവം നടന്നതിന് പിന്നാലെ ഹരജിക്കാരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല. നിരവധി തവണ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ അവര്‍ വിമുഖത കാണിച്ചതോടെയാണ് ഹരജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഇതൊരു കള്ളക്കേസാണെന്നും സംഭവത്തില്‍ വിദ്വേഷപരമായ ഒന്നും നടന്നിട്ടില്ലെന്നുമായിരുന്നു പൊലീസിന്റെ മറുപടിയെന്നും ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹ്‌മദി കോടതിയെ ബോധിപ്പിച്ചു.

കേസില്‍ വിദ്വേഷം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി യു.പി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സ്‌ക്രൂ ഡ്രൈവര്‍ ഗ്യാങ് എന്നറിയപ്പെടുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും മതത്തിന്റെ പേരിലല്ല പരാതിക്കാരനെ പ്രതികള്‍ ആക്രമിച്ചതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ സംഭവത്തില്‍ സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചതോടെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ അനുവദിക്കില്ലെന്നും യു.പിക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര് ജനറല്‍ കെ.എം നടരാജ് കോടതിയെ അറിയിച്ചു.

Content Highlight: Supreme court express distress over UP police’s act of laxity