എങ്ങനെയാണ് നിങ്ങള്‍ക്ക് ഇതൊക്കെ വാദിക്കാന്‍ തോന്നുന്നത്? ബി.ബി.സി നിരോധിക്കണമെന്ന ഹിന്ദു സേനയുടെ ഹരജി തള്ളി സുപ്രീം കോടതി
national news
എങ്ങനെയാണ് നിങ്ങള്‍ക്ക് ഇതൊക്കെ വാദിക്കാന്‍ തോന്നുന്നത്? ബി.ബി.സി നിരോധിക്കണമെന്ന ഹിന്ദു സേനയുടെ ഹരജി തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th February 2023, 2:23 pm

ന്യൂദല്‍ഹി: ബി.ബി.സി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന പ്രസിഡന്റ് വിഷ്ണു ഗുപ്ത നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. ഈ ഹരജി സമ്പൂര്‍ണ അബദ്ധമാണെന്ന് കോടതി പറഞ്ഞു.

2002ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്കിനെ കുറിച്ച് സംസാരിക്കുന്ന ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹിന്ദു സേന ബി.ബി.സി നിരോധിക്കണമെന്ന ആവശ്യവുമായി എത്തിയത്.

എങ്ങനെയാണ് ഇത്തരമൊരു ഹരജിയുമായി കോടതിക്ക് മുമ്പില്‍ വരാന്‍ തോന്നിയതെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. കോടതിയുടെ സമയം പാഴാക്കരുതെന്നും ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.

‘എങ്ങനെയാണ് നിങ്ങള്‍ക്ക് ഇതൊക്കെ വാദിക്കാന്‍ തോന്നുന്നത്. പൂര്‍ണമായും തെറ്റിദ്ധാരണകളുമായാണ് ഈ ഹരജി എത്തിയിരിക്കുന്നത്. എങ്ങനെയാണ് നിങ്ങള്‍ക്ക് ബി.ബി.സിയെ നിരോധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുന്നത്,’ സഞ്ജീവ് ഖന്ന ചോദിച്ചു.

ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വളര്‍ച്ച തടയാനായുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഡോക്യുമെന്ററിയെന്നായിരുന്നു ഹരജിയില്‍ ഹിന്ദു സേന വാദിച്ചിരുന്നത്.

‘ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററി മോദി വിരുദ്ധ പ്രൊപ്പഗണ്ടയിലൂടെ അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുകയാണ്. മാത്രമല്ല, ഇന്ത്യയുടെ സാമൂഹ്യവ്യവസ്ഥയെ തകര്‍ക്കാനുള്ള ഹിന്ദു വിരുദ്ധ പ്രൊപഗണ്ട കൂടിയാണിത്,’ ഹരജിയില്‍ പറയുന്നു.

 

അതേസമയം, ബി.ബി.സിയുടെ ഡോക്യുമെന്ററിക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ ഡോക്യുമെന്ററി കണ്ടെന്ന പേരില്‍ നിരവധി സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നടപടിയെടുത്തിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ വിലക്കിനെതിരെ ദ ഹിന്ദു ദിനപത്രത്തിന്റെ മുന്‍ എഡിറ്റര്‍ എന്‍. റാം, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര എന്നിവര്‍ സംയുക്തമായും അഡ്വ. മനോഹര്‍ ലാല്‍ ശര്‍മ ഒറ്റയ്ക്കും സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി നേരത്തെ പരിശോധിച്ചിരുന്നു.

ബി.ബി.സി ഡോക്യുമെന്ററിക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ ഉടനെ ഉത്തരവിറക്കില്ലെന്നായിരുന്നു ഫെബ്രുവരി നാലിന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. ബി.ബി.സി ഡോക്യുമെന്ററി ഇപ്പോഴും ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് പറഞ്ഞ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെ കേള്‍ക്കാതെ ഇടക്കാല ഉത്തരവിറക്കില്ലെന്നും പറഞ്ഞിരുന്നു.

Content Highlight: Supreme Court dismisses plea by Hindu Sena to ban BBC in India