ന്യൂദല്‍ഹി: എഥനോള്‍ കലര്‍ന്ന പെട്രോള്‍ (ഋ20) നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹരജി തള്ളി സുപ്രീം കോടതി.
അഡ്വ. അക്ഷയ് മല്‍ഹോത്ര നല്‍കിയ ഹരജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് വിനോദ് കെ. ചന്ദ്രന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. ഹരജിയില്‍ ഇടപെടാന്‍ രണ്ടംഗ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു.
2026 ആകുമ്പോഴേക്കും രാജ്യവ്യപകമായി 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍ക്കാനായിരുന്നു കേന്ദ്രം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് അക്ഷയ് മല്‍ഹോത്ര സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഹരജിക്ക് പിന്നില്‍ വന്‍ ലോബികളാണെന്നാണ് കേന്ദ്രം കോടതിയില്‍ വാദിച്ചത്. ഒപ്പം എഥനോള്‍ പെട്രോള്‍ നല്‍കാനുള്ള തീരുമാനം രാജ്യത്തെ കരിമ്പ് കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്നും കേന്ദ്രം പറഞ്ഞു.
പിന്നാലെ 2023ന് മുമ്പുള്ള വാഹനങ്ങള്‍ക്ക് എഥനോള്‍ രഹിത പെട്രോള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഒരു ഇംഗ്ലണ്ടുകാരനാണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി കോടതിയില്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏത് പെട്രോള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിക്കുന്നത് പുറത്തുനിന്നുള്ള ഒരാളാണെന്നും എല്ലാ വശങ്ങളും പരിഗണിച്ച ശേഷമാണ് കേന്ദ്രം തീരുമാനത്തിലെത്തിയതെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
എന്നാല്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയതെന്ന് അഭിഭാഷകന് വേണ്ടി ഹാജരായ ഷാദന്‍ ഫറാസത്ത് വാദിച്ചു. എഥനോള്‍ രഹിത പെട്രോള്‍ ഉപയോഗിക്കാനാകുന്ന അത്രയും വാഹനങ്ങള്‍ രാജ്യത്ത് നിര്‍മിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.