ത്രിഭാഷ നയം നടപ്പിലാക്കാതിരുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ ബി.ജെ.പി നേതാവ് സമര്‍പ്പിച്ച ഹരജി തള്ളി സുപ്രീം കോടതി
national news
ത്രിഭാഷ നയം നടപ്പിലാക്കാതിരുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ ബി.ജെ.പി നേതാവ് സമര്‍പ്പിച്ച ഹരജി തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th May 2025, 7:46 pm

ന്യൂദല്‍ഹി: ഹിന്ദി നിര്‍ബന്ധമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ത്രിഭാഷ നയം നടപ്പിലാക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരായി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി സുപ്രീം കോടതി തള്ളി. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കെതിരായ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.

സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ പറയാന്‍ സുപ്രീം കോടതിക്ക്‌ സാധിക്കില്ലെന്ന്  കോടതി വ്യക്തമാക്കി. മൗലിക അവകാശങ്ങളില്‍ ലംഘനമുണ്ടായാല്‍ മാത്രമാണ് കോടതിക്ക് ഇടപെടാന്‍ സാധിക്കുകയുള്ളുവെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബി.ജെ.പി നേതാവും അഭിഭാഷകനുമായ ജി.എസ്. മണിയാണ് ഹരജി സമര്‍പ്പിച്ചത്.

‘ദേശീയ വിദ്യാഭ്യാസ നയം പോലുള്ള ഒരു നയം സ്വീകരിക്കാന്‍ ഒരു സംസ്ഥാനത്തെ നേരിട്ട് നിര്‍ബന്ധിക്കാന്‍ കോടതിക്ക് കഴിയില്ല. എന്നാല്‍ ദേശീയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെട്ട ഒരു സംസ്ഥാനത്തിന്റെ നടപടി മൗലികാവകാശങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ കോടതിക്ക് ഇടപെടാം,’ ബെഞ്ച് വ്യക്തമാക്കി. ഹരജിക്കാരന് ഈ വിഷയവുമായുള്ള ബന്ധത്തെയും കോടതി ഹരജി പരിഗണിക്കുമ്പോള്‍ ചോദ്യം ചെയ്യുകയുണ്ടായി.

സംസ്ഥാനങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി) അംഗീകരിക്കാതിരിക്കുയോ കേന്ദ്രവുമായി ധാരണാപത്രത്തില്‍ ഒപ്പിടാതിരിക്കുകയോ ചെയ്യുന്നത് പൊതുതാത്പര്യത്തിന് എതിരാണെന്നും പൗരന്മാരുടെ വിദ്യാഭ്യാസ അവകാശങ്ങളെ ബാധിക്കുന്നതുമാണെന്നാണ് ബി.ജെ.പി നേതാവ് ഹരജിയില്‍ വാദിച്ചത്.

മറ്റ് സംസ്ഥാനങ്ങളെല്ലാം എന്‍.ഇ.പിയും അതിന്റെ പ്രധാന സവിശേഷതയായ ത്രിഭാഷ ഫോര്‍മുല അംഗീകരിച്ചിട്ടുണ്ടെന്നും പറഞ്ഞ ഹരജിക്കാരന്‍ ഈ മൂന്ന് സംസ്ഥാനങ്ങളും നയം അംഗീകരിക്കാന്‍ വിസമ്മതിക്കുകയാണെന്നുും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഈ മൂന്ന് സംസ്ഥാനങ്ങളും നയത്തെ നിരസിക്കുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരായ ചെറുത്തുനില്‍പ്പായി നയത്തെ ചിത്രീകരിക്കുകയാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

നയം നടപ്പിലാക്കാത്തതിലൂടെ ഭരണഘടനാപരമായ അവകാശങ്ങളും പൊതുജനക്ഷേമവും നിരാകരിക്കപ്പെടുകയാണെന്നും അതിനാല്‍ നയം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ഉത്തരവിടണമെന്നും ഹരജിക്കാന്‍ കോടതിയോട് ആവശ്യപ്പെട്ടു.

സൗജന്യ വിദ്യാഭ്യാസം ഭരണഘടന നല്‍കുന്ന ഒരു മൗലികാവകാശമാണെന്നും പ്രസ്തുത പദ്ധതി അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതിലൂടെ, സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം എന്ന മൗലികാവകാശം നിഷേധിക്കുകയാണെന്നും ഇയാള്‍ വാദിച്ചു.

അതിനാല്‍ സുപ്രീം കോടതി ഈ വിഷയത്തില്‍ ഇടപെടണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം ഉടന്‍ നടപ്പിലാക്കാന്‍ ഈ മൂന്ന് സംസ്ഥാന സര്‍ക്കാരുകളോട് ഉത്തരവിടണമെന്നുമാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ ബി.ജെ.പി നേതാവ് പറഞ്ഞത്. ഇതാണ് സുപ്രീംകോടതി തള്ളിയത്.

Content Highlight: Supreme Court dismisses BJP leader’s petition against states including Kerala for not implementing three-language policy