കാഴ്ച പരിമിതിയുള്ള യു.പി.എസ്‌.സി ഉദ്യോഗാർത്ഥികളുടെ നിയമനത്തിൽ വീഴ്ച; കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി
national news
കാഴ്ച പരിമിതിയുള്ള യു.പി.എസ്‌.സി ഉദ്യോഗാർത്ഥികളുടെ നിയമനത്തിൽ വീഴ്ച; കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2024, 12:04 pm

ന്യൂദൽഹി: കാഴ്ച പരിമിതിയുള്ള യു.പി.എസ്‌.സി ഉദ്യോഗാർത്ഥികളുടെ നിയമനത്തിൽ വീഴ്ച വരുത്തിയ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. ലഭ്യമായ ഒഴിവുകളിൽ പതിനൊന്ന് കാഴ്ച പരിമിതിയുള്ളവരെ സിവിൽ സർവീസിലേക്ക് നിയമിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു.

100% കാഴ്ച പരിമിതിയുള്ള പങ്കജ് ശ്രീവാസ്തവയുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സർക്കാർ നൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

1995-ലെ വികലാംഗ നിയമപ്രകാരം സർക്കാരിലെ ചില തസ്തികകളും സേവനങ്ങളും ശാരീരിക വൈകല്യമുള്ളവർക്കായി സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ 1996 മുതൽ 2009 വരെ നിയമപ്രകാരം സർക്കാർ സംവരണങ്ങൾ പ്രാബല്യത്തിൽ വരാത്തത് മൂലം വലിയ പിന്നോക്കാവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കോടതി ചൂണ്ടികാട്ടി.

2008ലെ മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയും കാഴ്ച പരിമിതിയുള്ള ഉദ്യോഗാർത്ഥികളുടെ ഒഴിവുകളിലും നിയമനം നടത്താനാണ് ഉത്തരവ്. 2008 ലെ മെറിറ്റ് ലിസ്റ്റിൽ ശ്രീവാസ്തവയ്ക്ക് മുകളിൽ ഇടം നേടിയ മറ്റ് പത്ത് ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളെയും സമാനമായി റിക്രൂട്ട് ചെയ്യാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

ശ്രീവാസ്തവ 2008-ൽ സിവിൽ സർവീസസ് പരീക്ഷ എഴുതിയിരുന്നു. എഴുത്ത്, അഭിമുഖം എന്നീ ഘട്ടങ്ങൾക്ക് ശേഷം അദ്ദേഹത്തെ ഒരു തസ്തികയിലും നിയമിച്ചില്ല. തുടർന്ന് അദ്ദേഹം 2009-ൽ ദൽഹിയിലെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്ക് (സി.എ.ടി) അപേക്ഷ സമർപ്പിച്ചു.

കാഴ്ച വൈകല്യമുള്ള ഉദ്യോഗാർത്ഥികൾക്കായി നീക്കിവച്ചിരിക്കുന്ന ക്വാട്ടയിൽ പോലും അദ്ദേഹത്തെ നിയമിക്കാൻ പോകുന്നില്ലെന്ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ശ്രീവാസ്തവയെ അറിയിച്ചു. ഇത് ചോദ്യം ചെയ്ത് ശ്രീവാസ്തവ ദൽഹി ഹൈക്കോടതിയിൽ ഒരു റിട്ട് ഹരജി നൽകി. ശ്രീവാസ്തവയുടെ റിട്ട് ഹരജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണെന്നിരിക്കെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

യൂണിയൻ ഓഫ് ഇന്ത്യയുടെ പെരുമാറ്റത്തിൽ കടുത്ത വീഴ്ചകളുണ്ടെന്നും ഹൈക്കോടതിക്ക് മുമ്പാകെ നിയമപോരാട്ടം തുടരാൻ ശ്രീവാസ്തവയെ നിർബന്ധിക്കുന്നത് അന്യായമാണെന്നും സുപ്രീം കോടതി പറഞ്ഞു. ഭിന്നശേഷിക്കാരുടെ പ്രയോജനത്തിനായി വേണം സർക്കാർ നിയമങ്ങൾ നടപ്പിലാക്കാൻ എന്നും കോടതി കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ചു.

Content Highlight: Supreme Court Directs Appointment of Visually Impaired UPSC Candidates, Criticises Government