മുരളി കണ്ണമ്പള്ളിയുടെ ജയില്‍വാസം അവസാനത്തിലേക്ക്; ജാമ്യത്തിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി
Murali Kannambilli
മുരളി കണ്ണമ്പള്ളിയുടെ ജയില്‍വാസം അവസാനത്തിലേക്ക്; ജാമ്യത്തിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി
ന്യൂസ് ഡെസ്‌ക്
Tuesday, 28th May 2019, 9:59 pm

ന്യൂദല്‍ഹി: മാവോയിസ്റ്റ് നേതാവ് കണ്ണമ്പള്ളി മുരളിക്ക് ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യത്തിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി. നാല് വര്‍ഷമായി പൂനെ യെര്‍വാഡ ജയിലില്‍ തടവില്‍ കഴിയുന്ന കണ്ണമ്പള്ളി മുരളിക്ക് ഫെബ്രുവരി 25 നാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത പ്രോസിക്യൂഷന്‍ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സമയം അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയം കോടതി അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് പൂനെ പൊലീസ് സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതി തള്ളിയത്.

ചികിത്സയടക്കം നിഷേധിച്ച് മുരളി കണ്ണമ്പള്ളിയെ വിചാരണ തടവിലിടുന്നതിനെതിരെ നോംചോംസ്‌കി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇറ്റലി, ഫ്രാന്‍സ്, ബ്രസീല്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ഇദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

അന്തര്‍ദേശീയ തലത്തില്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിനെ മാതൃകയാക്കി മാവോയിസ്റ്റുകള്‍ രൂപീകരിച്ച റെവല്യൂഷണറി ഇന്റര്‍നാഷണല്‍ മൂവ്‌മെന്റിന്റെ മുഖപത്രമായ ‘എ വേള്‍ഡ് ടു വിന്‍’ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു മുരളി കണ്ണമ്പള്ളി. അജിത് എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹം ‘ഭൂമി,ജാതി,ബന്ധനം’ എന്നതുള്‍പ്പടെയുള്ള നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തി 2015 ലാണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം തുടര്‍ ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പിന്നീട് അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിച്ചിരുന്നില്ല. മാവോയിസ്റ്റ് നേതാവ് സി.പി. ഇസ്മായിലിലും ഇദ്ദേഹത്തിനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മാര്‍ച്ചില്‍ വൈത്തിരിയില്‍ പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി ജലീലിന്റെ സഹോദരനാണ് ഇസ്മായില്‍.

എറണാകുളം ഇരമ്പനം സ്വദേശിയായ കണ്ണമ്പള്ളി മുരളി 1970 മുതല്‍ സി.പി.ഐ.എം.എല്‍ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ നക്‌സല്‍ മൂവ്‌മെന്റിന്റെ ഭാഗമായി. കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളജ് (ആര്‍ഇസി) വിദ്യാര്‍ഥിയായിരുന്ന മുരളി പഠനം പൂര്‍ത്തിയാക്കാതെ നാടുവിടുകയായിരുന്നു.

പിന്നീട് 1980കളില്‍ നക്‌സല്‍ പ്രസ്ഥാനം പിളര്‍ന്നപ്പോള്‍ വേണു വിഭാഗത്തിനൊപ്പം നിന്നു. വേണു പാര്‍ട്ടി പിരിച്ചുവിട്ടപ്പോള്‍ കേരളാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് മാവോയിസ്റ്റ് യൂണിറ്റ് സെന്റര്‍ രൂപീകരിച്ചു. 1976ലെ കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ മുരളി കണ്ണമ്പള്ളിക്ക് പങ്കുണ്ടെന്നും ആരോപണമുണ്ടായിരുന്നു.

പോരാട്ടം, അയ്യങ്കാളിപ്പട തുടങ്ങിയ സംഘടനകളുടെ നിയന്ത്രണം ഇദ്ദേഹത്തിനായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് കൊലചെയ്യപ്പെട്ട രാജന്റെ സഹപാഠിയായിരുന്നു.

എറണാകുളത്തെ കണ്ണമ്പിള്ളി കുടുംബാംഗമായ മുരളിയുടെ പിതാവ് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണറായിരുന്നു.