പതഞ്ജലിയുടെ പരസ്യങ്ങള്‍ക്ക് നേരെ കണ്ണടച്ചിരുന്ന കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി
national news
പതഞ്ജലിയുടെ പരസ്യങ്ങള്‍ക്ക് നേരെ കണ്ണടച്ചിരുന്ന കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd April 2024, 8:38 am

ന്യൂദല്‍ഹി: ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിന്റെ ഉല്‍പ്പന്നത്തിന് കൊവിഡ്-19 ഭേദമാക്കാന്‍ കഴിയുമെന്ന് കമ്പനി പരസ്യങ്ങളില്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതിനെതിരെ ഒരു നിയമ നടപടിയും സ്വീകരിക്കാത്തതിന് സുപ്രീം കോടതി ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

പതഞ്ജലിയുടെ ഉല്‍പന്നങ്ങളുടെ ഫലപ്രാപ്തിയെ കുറിച്ചും അലോപ്പതിയെ വിമര്‍ശിക്കുന്നതിനെ കുറിച്ചും, പ്രത്യേകിച്ച് കൊവിഡ് പാന്‍ഡെമിക്കിന്റെ കൊടുമുടിയില്‍, കേന്ദ്രം നടപടിയെടുക്കാത്തതിനെ ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് ചോദ്യം ചെയ്തു.

‘എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിന് നേരെ കണ്ണടച്ചിരുന്നതെന്ന്് ഞങ്ങള്‍ ചിന്തിക്കുകയാണ്’, സുപ്രീം കോടതി പറഞ്ഞു.

പതഞ്ജലിയുടെ പരസ്യങ്ങള്‍ അലോപ്പതിയെ കടന്നാക്രമിക്കുന്നതാണെന്നും കൊവിഡ് വ്യാപന കാലത്ത് ചില രോഗങ്ങള്‍ ഭേദമാക്കുന്നതിനെക്കുറിച്ച് അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതാണെന്നും ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 2020ലാണ് കൊവിഡ് 19നെ 100 ശതമാനം സുഖപ്പെടുത്തുന്ന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചതായി പതഞ്ജലി പരസ്യം ചെയ്തത്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ബാബ രാംദേവിനെതിരെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. രാംദേവിന്റെയും സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയുടെ മാപ്പപേക്ഷയും കോടതി നിരസിച്ചു.

Content Highlight: Supreme court criticize Central government for not taking action against misleading ads of Pathanjali