രാജീവ് ഗാന്ധി വധക്കേസ്: മൂന്ന് പ്രതികളുടെ വധശിക്ഷ റദ്ദാക്കി
India
രാജീവ് ഗാന്ധി വധക്കേസ്: മൂന്ന് പ്രതികളുടെ വധശിക്ഷ റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th February 2014, 10:46 am

[share]

[]ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ മൂന്ന് പ്രതികളുടേയും വധശിക്ഷയില്‍ ഇളവ്. പേരറിവാളന്‍, ശാന്തന്‍, മുരുകന്‍ എന്നിവരുടെ വധശിക്ഷയാണ് സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചത്.

പ്രതികള്‍ രാഷ്ട്രപതിക്ക് നല്കിയ ദയാഹരജി തീര്‍പ്പാക്കുന്നത് ഏറെ വൈകുന്നതിനാലാണ് ചിഫ് ജസ്റ്റീസ് പി. സദാശിവം അധ്യക്ഷനായുള്ള ബഞ്ച് ശിക്ഷ ഇളവ് ചെയ്തത്.

തടവില്‍ കഴിഞ്ഞ കാലയളവില്‍ പ്രതികള്‍ക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങളുണ്ടായിട്ടില്ലെന്നും അതിനാല്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കരുതെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ വാദം കോടതി തള്ളി.

വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇവര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ദയാഹരജി പരിഗണിക്കുന്നതില്‍ നീണ്ട കാലയളവ് വന്നു എന്ന് കാണിച്ചാണ് ഹരജി സമര്‍പ്പിച്ചിരുന്നത്.

ഹരജിയില്‍ കൂടുതല്‍ സമയം വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം സുപ്രീം കോടതി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു.

ദയാഹരജി തീര്‍പ്പാക്കുന്നതില്‍ അനാവശ്യ കാലതാമസമുണ്ടായാല്‍ വധ ശിക്ഷ റദ്ദ് ചെയ്യാമെന്ന സുപ്രീം കോടതി വിധി വന്നിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ദയാഹരജി 11 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു രാഷ്ട്രപതി തള്ളിയത്.

1991 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.

പ്രതികളെന്ന് കണ്ടെത്തിയ 26 പേര്‍ക്കും 1998 ല്‍ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. 2000 ല്‍ കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ നാല് പേരുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു.

നളിനി, മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവര്‍ക്കായിരുന്നു വധശിക്ഷ വിധിച്ചത്. പിന്നീട് സോണിയാ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് കൊണ്ട് തമിഴ്‌നാട് ഗവര്‍ണര്‍ ഉത്തരവിട്ടു.

ബാക്കിയുള്ള മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കുന്നത് തമിഴ്‌നാട് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ദയാഹരജി സമര്‍പ്പിച്ച് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ലാണ് അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീല്‍ പ്രതികളുടെ ദയാഹരജി തള്ളുന്നത്.