ബാബരി മസ്ജിദ് മുതല്‍ ആധാര്‍ വരെ: വിരമിക്കുന്നതിനു മുമ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് വിധിപറയാനുള്ളത് സുപ്രധാന കേസുകളില്‍
national news
ബാബരി മസ്ജിദ് മുതല്‍ ആധാര്‍ വരെ: വിരമിക്കുന്നതിനു മുമ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് വിധിപറയാനുള്ളത് സുപ്രധാന കേസുകളില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd September 2018, 10:47 pm

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും വിരമിക്കുമ്പോള്‍ ദീപക് മിശ്രക്ക് വിധി പറയേണ്ടത് സുപ്രധാന കേസുകളില്‍. ഒക്ടോബര്‍ രണ്ടിനാണ് ദീപക് മിശ്ര വിരമിക്കുക. ആധാര്‍ കേസ്, ശബരിമല സ്ത്രീ പ്രവേശനം, സ്വവര്‍ഗാനുരാഗം, ചേലാകര്‍മ്മം തുടങ്ങി എട്ട് സുപ്രധാന വിധിന്യായങ്ങള്‍ ഈ മാസം ഉണ്ടാകും. വിരമിക്കുന്നതിനു മുമ്പ് 19 പ്രവര്‍ത്തി ദിവസങ്ങളാണ് ദീപക് മിശ്രയ്ക്കു ലഭിക്കുക. വരാനിരിക്കുന്ന വിധിന്യായങ്ങള്‍ രാജ്യത്തിന്റെ രാഷ്ട്രീയ- സാമൂഹിക വ്യവസ്ഥിതിയില്‍ വന്‍ചലനങ്ങളാണ് ഉണ്ടാക്കുക.

വിധികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആധാര്‍ കേസ്. രാജ്യത്തെ 95 ശതമാനം പേരും ആധാര്‍ എടുത്ത സാഹചര്യത്തില്‍ സുപ്രീംകോടതി വിധി നിര്‍ണായകമാണ്. സ്വകാര്യതയ്ക്കു മേലെയുള്ള കടന്നുകയറ്റമാണ് ആധാറെന്ന വാദം ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. സ്വകാര്യത മൗലികാവകാശമാണെന്ന് അംഗീകരിച്ചതിന്റെ വെളിച്ചത്തില്‍ കോടതി ആധാര്‍ വിഷയത്തെ എങ്ങനെ സമീപിക്കുമെന്നാണ് പ്രധാനം. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണോയെന്ന് കോടതി പ്രകടിപ്പിച്ച ആശങ്ക നിലനില്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ക്ക് ഡേറ്റ ഉപയോഗിക്കപ്പെടുമോയെന്ന സന്ദേഹവും വാദത്തിനിടെ കോടതി പങ്കുവച്ചിരുന്നു.


Read:  ഹാനാന്റെ ചികില്‍സാ ചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കും


പത്തിനും അന്‍പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന തിരുവിതാംകൂര്‍ ബോര്‍ഡിന്റെയും തന്ത്രികുടുംബത്തിന്റെയും എതിര്‍പ്പുകളെ ഭരണഘടനാബെഞ്ച് എങ്ങനെയാണ് വിലയിരുത്തുന്നത് എന്ന് ഈ മാസം അറിയാം. വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്നും വിശ്വാസത്തിന്റെ വിശ്വാസ്യതയെ മാത്രമേ ചോദ്യം ചെയ്യാന്‍ കഴിയുകയുള്ളൂ എന്നും ദീപക് മിശ്ര നിരീക്ഷിച്ചിരുന്നു. പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് വിവേചനം ഏര്‍പ്പെടുത്തുന്നതിനെ അതിശക്തമായ ഭാഷയിലാണ് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും ആര്‍.എഫ് നരിമാനും ചോദ്യം ചെയ്തത്. അത്യന്താപേക്ഷിതമായ ആചാരമാണെങ്കിലും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ നിരാകരിക്കാന്‍ കഴിയില്ലെന്നും ജഡ്ജിമാര്‍ നിലപാടെടുത്തിരുന്നു.

വിധിപറയേണ്ട മറ്റൊരു സുപ്രധാന കേസാണ് ബാബറി മസ്ജിദ് തര്‍ക്കം. എന്നാല്‍ ബാബറി മസ്ജിദ് തര്‍ക്കത്തില്‍ അന്തിമവിധി ദീപക് മിശ്രയില്‍ നിന്നുണ്ടാകില്ല. പക്ഷേ, വിഷയം ഭരണഘടനാ ബെഞ്ചിനു വിടണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യത്തില്‍ വിധി വന്നേക്കും.

വിവാഹേതര ബന്ധക്കേസുകളില്‍ സ്ത്രീയേയും കുറ്റക്കാരിയാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലും ദീപക് മിശ്രയുടെ ബെഞ്ച് വിധി പറഞ്ഞേക്കും. പങ്കാളിക്കൊപ്പം ഉറച്ചുനില്‍ക്കണമെന്ന് നിര്‍ബന്ധിക്കാന്‍ ഭരണകൂടത്തിനാകില്ലെന്ന കൃത്യമായ സൂചന കോടതി നല്‍കിയിട്ടുണ്ട്. വിവാഹബന്ധത്തിനു പുറത്ത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധം എങ്ങനെയാണ് സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമാകുന്നതെന്ന് ബെഞ്ചിലെ വനിതാ ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചിരുന്നു. വിവാഹേതരബന്ധങ്ങള്‍ കുറ്റകൃത്യമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.


സ്വകാര്യത മൗലിക അവകാശമായതിനാല്‍ സ്വവര്‍ഗ അനുരാഗം വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കണ്ട് നിയമപരമാക്കണമെന്ന ഹര്‍ജിയാണ് ദീപക് മിശ്രയുടെ ബഞ്ചിന് ഈ മാസം തീര്‍പ്പാക്കേണ്ട മറ്റൊരു സുപ്രധാന കേസ്. പൊതുസമൂഹത്തിന്റെ സദാചാരബോധം അടിസ്ഥാനമാക്കിയല്ല മറിച്ച് ഭരണഘടനയിലൂന്നിയ സദാചാരബോധത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്ന് വാദം കേള്‍ക്കുമ്പോള്‍ ദീപക് മിശ്ര പറഞ്ഞിരുന്നു. ഇന്ത്യന്‍ സമൂഹം സ്വവര്‍ഗാനുരാഗികളോടു തീക്ഷ്ണമായ വിവേചനമാണ് പുലര്‍ത്തുന്നതെന്ന് വാദത്തിനിടെ കോടതി ശരിവെച്ചിരുന്നു.

തീര്‍പ്പാകേണ്ട മറ്റൊരു കേസ് സ്ത്രീ ചേലാകര്‍മ്മം നിരോധിക്കണമെന്ന ആവശ്യമാണ്. പുരുഷന്‍മാര്‍ക്ക് സുന്നത്ത് അനുവദിക്കുമ്പോള്‍ സ്ത്രീകളിലെ ചേലാകര്‍മ്മം നിരോധിക്കാനാവില്ലെന്ന വാദമാണ് ഹര്‍ജിയെ എതിര്‍ത്ത ദാവൂദി ബോറ സമുദായം മുന്നോട്ട് വച്ച വാദം. കൂടാതെ സര്‍ക്കാര്‍ സര്‍വീസിലെ സ്ഥാനക്കയറ്റത്തിനു സംവരണം ഏര്‍പ്പെടുത്തണം, ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുപ്പുകളില്‍നിന്നു വിലക്കണം, കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണം തുടങ്ങിയ കേസുകളിലും വിധി വന്നേക്കും.