ന്യൂദല്‍ഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി. പാര്‍ലമെന്റില്‍ സ്ത്രീ സാന്നിധ്യം കുറയുന്നുണ്ടെന്നും സംവരണം ഇല്ലെങ്കിലും എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ലഭിക്കാത്തതെന്നും കോടതി ചോദിച്ചു.
ഡോ. ജയ താക്കൂര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ജഡ്ജിമാരായ ബി.വി. നാഗരത്‌ന, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.
പുതിയ സംവരണ നിയമം നടത്താന്‍ കാത്തിരിക്കാതെ വനിതാ സംവരണ നിയമം നടപ്പാക്കണമെന്ന് താക്കൂര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്. ഇതോടെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രാജ്യത്തെ ഏറ്റവും വലിയ ന്യൂന പക്ഷമാണ് സ്ത്രീകളെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. 2023ല്‍, 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ലമെന്റില്‍ വനിതാ സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് താക്കൂര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
വീണ്ടും അതേ ആവശ്യം ഉന്നയിച്ച് താക്കൂര്‍ സുപ്രീം കോടതിയെ സമീപിച്ചു. തിങ്കളാഴ്ച നടന്ന വാദത്തില്‍ എല്ലാ പൗരന്മാര്‍ക്കും രാഷ്ട്രീയവും സാമൂഹികവുമായ സമത്വത്തിനുള്ള അവകാശമുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു.
‘ഈ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം ആരാണ്? അത് സ്ത്രീയാണ്. ഏകദേശം 48%. ഇത് സ്ത്രീയുടെ രാഷ്ട്രീയ സമത്വത്തെക്കുറിച്ചാണ്. സ്ത്രീകള്‍ക്ക് രാഷ്ട്രീയ നീതി നല്‍കുന്നതിനുള്ള ഒരു ഉദാഹരണമായിരുന്നു ഭരണഘടനാ ഭേദഗതി. രാഷ്ട്രീയ നീതി സാമൂഹികവും സാമ്പത്തികവുമായ നീതിക്ക് തുല്യമാണ്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് സ്ത്രീകള്‍. മൊത്തം ജനസംഖ്യയുടെ 48.44ശതമാനം സ്ത്രീകളാണ്,’ ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു.
സ്ത്രീ ശാക്തീകരണത്തിനായി സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കാനും പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കാനും ആവശ്യപ്പെടുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15(3) ഉം ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. ആഭ്യന്തര, നിയമ മന്ത്രാലയങ്ങള്‍ വഴി കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസും അയച്ചു.
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്ത്രീകള്‍ക്ക് അവരുടെ പ്രാതിനിധ്യത്തിനായി കോടതികളെ സമീപിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരം എന്ന് താക്കൂരിനുവേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞു. 2023 സെപ്റ്റംബറില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു അനുമതി നല്‍കിയെങ്കിലും ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Content Highlight: Supreme Court asks why women are not represented in Lok Sabha and state assemblies