സാമൂഹിക സുരക്ഷ സംവിധാനങ്ങള്‍ ആക്‌സസ് ചെയ്യാം; യു.എസ് കാര്യക്ഷമത വകുപ്പിന് അനുമതി നല്‍കി സുപ്രീം കോടതി
World News
സാമൂഹിക സുരക്ഷ സംവിധാനങ്ങള്‍ ആക്‌സസ് ചെയ്യാം; യു.എസ് കാര്യക്ഷമത വകുപ്പിന് അനുമതി നല്‍കി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th June 2025, 9:10 am

വാഷിങ്ടണ്‍: അമേരിക്കയുടെ സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ ആക്‌സസ് ചെയ്യാന്‍ കാര്യക്ഷമത വകുപ്പിനെ (DOGE) അനുവദിച്ച് സുപ്രീം കോടതി. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ വ്യക്തിഗത ഡാറ്റ അടങ്ങിയ സാമൂഹിക സുരക്ഷ സംവിധാനങ്ങളിലേക്ക് പ്രവേശനം നല്‍കുന്നത് ഉള്‍പ്പെടെയാണ് സുപ്രീം കോടതി വകുപ്പിന് അനുമതി നല്‍കിയത്.

കാര്യക്ഷമത വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെ മൂന്ന് കേസുകളില്‍ ജസ്റ്റിസുമാര്‍ വിയോജിപ്പ് രേഖപ്പെടുത്തുകയും രണ്ട് കേസുകളില്‍ അനുകൂല വിധി പുറപ്പെടുവിക്കുകയുമായിരുന്നു.

ഡെമോക്രസി ഫോര്‍വേഡ് എന്ന ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്ന ഒരു കൂട്ടം തൊഴിലാളി യൂണിയനുകളും വിരമിച്ചവരുമാണ് കാര്യക്ഷമത വകുപ്പിന്റെ നീക്കത്തിനെതിരെ പരാതി നല്‍കിയിരുന്നത്. കാര്യക്ഷമത വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു ഡസനിലധികം പരാതികള്‍ ഉണ്ടായിരുന്നതില്‍ രണ്ട് കേസുകള്‍ മാത്രമാണ് തീര്‍പ്പാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ഫെഡറല്‍ സ്വകാര്യത നിയമങ്ങള്‍ പ്രകാരം സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷനിലേക്കുള്ള വകുപ്പിന്റെ പ്രവേശനം നിയന്ത്രിക്കുന്ന മേരിലാന്‍ഡ് ജഡ്ജിയുടെ ഉത്തരവും കോടതി തടഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം പേരുടെയും സ്‌കൂള്‍ രേഖകള്‍, ശമ്പള വിശദാംശങ്ങള്‍, മെഡിക്കല്‍ വിവരങ്ങള്‍ എന്നിവയുള്‍പ്പെടെ സെന്‍സിറ്റീവ് ഡാറ്റ ഏജന്‍സിയുടെ കൈവശമുണ്ടെന്നും ഫെഡറല്‍ ഗവണ്‍മെന്റിന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ കാര്യക്ഷമത വകുപ്പിന് അനുമതി നല്‍കണമെന്നും ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അനുമതി നല്‍കിയ കോടതി ട്രംപിന്റെ വ്യാപകമായ യാഥാസ്ഥിതിക അജണ്ടയെ എതിര്‍ക്കുകയും ചെയ്തു. 200 ഓളം കേസുകളാണ് ട്രംപിനെതിരെ രജിസ്റ്റര്‍ ചെയ്തതെന്നും വിവരമുണ്ട്.

കുടിയേറ്റം, വിദ്യാഭ്യാസം, ഫെഡറല്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ച് വിടല്‍ തുടങ്ങിയ ട്രംപ് നയങ്ങള്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

Content Highlight: Supreme Court allows US Department of Justice to access Social Security systems