കാലാവധി കഴിഞ്ഞിട്ടും താമസിക്കുന്നു; മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി
India
കാലാവധി കഴിഞ്ഞിട്ടും താമസിക്കുന്നു; മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th July 2025, 1:13 pm

ന്യൂദൽഹി: കാലാവധി കഴിഞ്ഞിട്ടും ഔദ്യോഗിക വസതിയിൽ കഴിയുന്ന മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി അടിയന്തിരമായി ഒഴിപ്പിച്ച് കോടതിയുടെ ഹൗസിങ് പൂളിലേക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ഭരണകൂടം കേന്ദ്ര സർക്കാരിന് കത്തെഴുതുകയായിരുന്നു.

കത്തിൽ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ദൽഹിയിലെ ലുട്ട്യൻസിലെ കൃഷ്ണ മേനോൻ മാർഗിലുള്ള ബംഗ്ലാവ് നമ്പർ അഞ്ച് എന്ന സ്ഥലത്ത് കാലാവധി കഴിഞ്ഞും താമസിക്കുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

‘ഇന്ത്യയിലെ സിറ്റിങ് ചീഫ് ജസ്റ്റിസിന്റെ നിയുക്ത വസതിയായ ദൽഹിയിലെ കൃഷ്ണ മേനോൻ മാർഗിലുള്ള ബംഗ്ലാവ് നമ്പർ 5, ബഹുമാനപ്പെട്ട ഡോ. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൽ നിന്നും കൂടുതൽ കാലതാമസമില്ലാതെ ഏറ്റെടുക്കാൻ കോടതി ആവശ്യപ്പെടുകയാണ്. കാരണം ബംഗ്ലാവ് കൈവശം വെക്കുന്നതിന് അനുവദിച്ച അനുമതി 2025 മെയ് 31ന് അവസാനിച്ചു. മാത്രമല്ല 2022ലെ നിയമങ്ങളിലെ റൂൾ 3Bയിൽ നൽകിയിട്ടുള്ള ആറ് മാസത്തെ കാലാവധിയും 2025 മെയ് 10ന് അവസാനിച്ചു,’ കോടതി പറഞ്ഞു.

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് (MoHUA) കീഴിലുള്ള സിറ്റിങ് സി.ജെ.ഐയുടെ നിയുക്ത വസതിയാണ് കൃഷ്ണ മേനോൻ മാർഗിലുള്ള ബംഗ്ലാവ് നമ്പർ 5. വിരമിച്ച ശേഷം, ആറ് മാസം വരെ ചീഫ് ജസ്റ്റിസിന് വാടകയുമില്ലാതെ അവിടെ താമസിക്കാം. 2022 നവംബർ മുതൽ 2024 നവംബർ വരെ ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, കഴിഞ്ഞ എട്ട് മാസമായി ഔദ്യോഗിക വസതിയിൽ തന്നെയാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അദ്ദേഹത്തിന്റെ രണ്ട് പിൻഗാമികളായ മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും നിലവിലെ ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായിയും കൃഷ്ണ മേനോൻ മാർഗിലേക്ക് താമസം മാറേണ്ടെന്ന് തീരുമാനിച്ചതോടെയാണ് അദ്ദേഹത്തിന് അവിടെ താമസിക്കാൻ കഴിഞ്ഞത്.

2024 ഡിസംബർ 18 ന് വിരമിച്ചതിന്റെ ഒരു മാസത്തിന് ശേഷം, ജസ്റ്റിസ് ചന്ദ്രചൂഡ് അന്നത്തെ ചീഫ് ജസ്റ്റിസ് ഖന്നയ്ക്ക് കത്തെഴുതി, 2025 ഏപ്രിൽ 30 വരെ 5 കൃഷ്ണ മേനോൻ മാർഗിൽ താമസിക്കാൻ അനുമതി തേടിയിരുന്നു.

സുപ്രീം കോടതി ജഡ്ജിമാരുടെ (ഭേദഗതി) ചട്ടങ്ങൾ, 2022 ലെ റൂൾ 3B അനുസരിച്ച് തുഗ്ലക്ക് റോഡിൽ 14-ാം നമ്പർ ബംഗ്ലാവ് തനിക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും, ദൽഹിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട നിർമാണ നിയന്ത്രണങ്ങൾ കാരണം പുതിയ വസതിയിലെ നവീകരണ പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു.

അന്നത്തെ ചീഫ് ജസ്റ്റിസിന്റെ അനുമതിയെത്തുടർന്ന്, കൃഷ്ണ മേനോൻ മാർഗിലെ ബംഗ്ലാവിൽ 2024 ഡിസംബർ 11 മുതൽ 2025 ഏപ്രിൽ 30 വരെ പ്രതിമാസം 5,430 ലൈസൻസ് ഫീസ് അടച്ചുകൊണ്ട് താമസിക്കാൻ ചന്ദ്രചൂഡിന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്നു.

എന്നാൽ പിന്നീട് പുതിയ ചീഫ് ജസ്റ്റിസ് ആയി ബി.ആർ ഗവായ് അധികാരത്തിൽ വന്നു. അദ്ദേഹം അധികാരത്തിൽ വന്നിട്ടും ഡി.വൈ. ചന്ദ്രചൂഡ് വസതിയിൽ നിന്നും ഒഴിഞ്ഞിരുന്നില്ല. ഔദ്യോഗിക വസതി വേണ്ടെന്ന ബി.ആർ ഗവായിയുടെ തീരുമാനം അദ്ദേഹത്തിന് കൂടുതൽ ഗുണകരമായി.

 

Content Highlight: Supreme Court admin seeks removal of ex-CJI Chandrachud from official residence