സോനം വാങ്‌ചുക്കിന്റെ തടങ്കൽ: സുപ്രീം കോടതിയിൽ അന്തിമവാദം മാർച്ച് പത്തിന്
India
സോനം വാങ്‌ചുക്കിന്റെ തടങ്കൽ: സുപ്രീം കോടതിയിൽ അന്തിമവാദം മാർച്ച് പത്തിന്
യെലന കെ.വി
Friday, 27th February 2026, 11:40 am

ന്യൂദൽഹി: ലഡാക്കിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്‌ചുക്കിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി തടവിലാക്കിയതിനെതിരെയുള്ള ഹരജിയിൽ സുപ്രീം കോടതി മാർച്ച് പത്തിന് അന്തിമവാദം കേൾക്കും.

വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്‌മോ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായകമായ ഈ തീരുമാനം അറിയിച്ചത്.

മാർച്ച് പത്തിന് ഉച്ചയ്ക്ക് ശേഷം കേസിൽ വിശദമായ വാദം കേൾക്കുമെന്നും അന്നുതന്നെ വിധി പറയാനായി മാറ്റിവെക്കുമെന്നും കോടതി വ്യക്തമാക്കി.

ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള പ്രത്യേക പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ 2025 സെപ്റ്റംബറിലാണ് വാങ്‌ചുക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് സെപ്റ്റംബർ 26-ന് അദ്ദേഹത്തിനെതിരെ എൻ.എസ്.എ ചുമത്തി രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.

വാങ്‌ചുക്കിന്റെ പ്രസംഗങ്ങൾ ലഡാക്ക് പോലെ തന്ത്രപ്രധാനമായ ഒരു അതിർത്തി മേഖലയിൽ ജനങ്ങളെ സർക്കാരിനെതിരെ പ്രകോപിപ്പിക്കാനും അക്രമത്തിന് പ്രേരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു.

നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പ്രക്ഷോഭങ്ങളെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് കലാപസമാനമായ സാഹചര്യം സൃഷ്ടിക്കാനാണെന്നും കേന്ദ്രം ആരോപിക്കുന്നു.

എന്നാൽ വാങ്‌ചുക്കിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഈ വാദങ്ങളെ ശക്തമായി എതിർത്തു.
വാങ്‌ചുക്കിന്റെ പ്രസംഗങ്ങൾ സമാധാനപരമായ പ്രതിഷേധങ്ങൾക്കുള്ള ആഹ്വാനമായിരുന്നുവെന്നും അത് അക്രമത്തിന് പ്രേരിപ്പിക്കുന്നതല്ലെന്നും അദ്ദേഹം ബോധിപ്പിച്ചു.

വാങ്‌ചുക്കിന്റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും ജയിലിൽ മതിയായ സൗകര്യങ്ങൾ നൽകുന്നുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

വാങ്‌ചുക്കിന്റെ പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങളും അവയുടെ വിവർത്തനങ്ങളും വരും ദിവസങ്ങളിൽ കോടതി സൂക്ഷ്മമായി പരിശോധിക്കും. മാർച്ച് പത്തിന് നടക്കുന്ന അന്തിമവാദം വാങ്‌ചുക്കിന്റെ മോചന കാര്യത്തിൽ നിർണായകമാകും.

Content Highlight: Supreme Court Adjourns Plea on Sonam Wangchuk’s NSA Detention to 10 March

യെലന കെ.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.