ന്യൂദൽഹി: ആസിഡ് ആക്രമണ കേസുകളിലെ കുറ്റവാളികൾ സമൂഹത്തിന് ഭീഷണിയാണെന്നും ഇവർക്കെതിരെ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്നും സുപ്രീം കോടതി.
ആസിഡ് ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്ക് സംഭവിക്കുന്ന ആഘാതങ്ങളിലൂടെ ഇരകൾ നേരിടുന്ന ദുരവസ്ഥയെ ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള ശിക്ഷകൾ കുറ്റവാളികൾക്ക് നൽകണമെന്നും സുപ്രീം കോടതി വ്യാഴാഴ്ച പറഞ്ഞു.
സഹമനുഷ്യനോട് ഇത്തരം ക്രൂരത കാണിക്കുന്ന ആളുകൾക്ക് സമൂഹത്തിൽ ഇടപെടാൻ അവകാശമില്ലെന്നും അവർ സമൂഹത്തിന് ഭീഷണിയാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.
ആസിഡ് ആക്രമണ കേസുകൾക്ക് യു.എ.പി.എ പോലുള്ള പ്രത്യേക നിയമങ്ങളെക്കാൾ കർശനമായ നിയമങ്ങൾ ഉണ്ടായിരിക്കണമെന്നും നീതിന്യായ വ്യവസ്ഥ ഇരുമ്പ് മുഷ്ടി കൊണ്ട് അവരെ നേരിടണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഐ.പി.സി സെക്ഷൻ 307 പ്രകാരം കൊലപാതകശ്രമത്തിന് വിചാരണ നടത്താമെന്നും ഇത് പരമാവധി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്നതാണെന്നും ബെഞ്ച് നിർദേശിച്ചു.
ഷഹീൻ മാലിക്കിന്റെ കേസിലെ വിചാരണ 2009 മുതൽ ദൽഹി കോടതിയിൽ തീർപ്പാക്കാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, രാജ്യത്തെ ആസിഡ് ആക്രമണ കേസുകളിലെ വിചാരണകളുടെ അവസ്ഥ അറിയാൻ എല്ലാ ഹൈക്കോടതികളിൽ നിന്നും നേരത്തെ സുപ്രീം കോടതി വിവരങ്ങൾ തേടിയിരുന്നു.
Content Highlight: Supreme Court: Acid attack perpetrators are a threat to society