ന്യൂദല്‍ഹി: ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം ദൈവത്തിന് അവകാശപ്പെട്ടതാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കേണ്ടത്, പ്രതിസന്ധിയിലായ ബാങ്കുകളുടെ അതിജീവനത്തിനായല്ലെന്നും കോടതി വ്യക്തമാക്കി.
വയനാട്ടിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രവും തൃശ്ശിലേരി ശിവക്ഷേത്രവും സഹകരണ ബാങ്കുകളില്‍ നടത്തിയ നിക്ഷേപം പിന്‍വലിക്കുന്നതിനെതിരെ നല്‍കിയ ഹരജിയിലാണ് വെള്ളിയാഴ്ച സുപ്രീം കോടതി നിരീക്ഷണം നടത്തിയത്.
ക്ഷേത്ര പണം ഉപയോഗിച്ച് ബാങ്കിനെ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? ക്ഷേത്രത്തിന്റെ പണം ദൈവത്തിന്റേതാണ്. ഭക്തരില്‍ നിന്നും സ്വീകരിക്കുന്ന പണം സംരക്ഷിക്കുകയും ക്ഷേത്രത്തിന്റെ താത്പര്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുകയും വേണം. ഒരു സഹകരണ ബാങ്കും വരുമാനത്തിനുള്ള ഉറവിടമായോ നിലനില്‍പ്പിനുള്ള മാര്‍ഗമായോ ഈ പണത്തെ മാറ്റരുതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
മാനന്തവാടി അര്‍ബന്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയും തിരുനെല്ലി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കും നല്‍കിയ ഹരജിയിലായിരുന്നു സുപ്രീം കോടതി പരാമര്‍ശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ സഹകരണ സംഘങ്ങളില്‍ നിക്ഷേപം സൂക്ഷിക്കരുതെന്ന
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ബാങ്കുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ക്ഷേത്രങ്ങളുടെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പിന്‍വലിച്ച് ദേശസാത്കൃത ബാങ്കുകളിലേക്ക് മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ രണ്ട് മാസമെന്ന സമയപരിധിക്കുള്ളില്‍ നിക്ഷേപങ്ങള്‍ മാറ്റണമെന്ന ഉത്തരവ് പാലിക്കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ച് സഹകരണ ബാങ്കുകള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
വിശ്വാസ്യത ജനങ്ങള്‍ക്കിടയില്‍ സ്ഥാപിക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്തമാണ്. ഉപഭോക്താക്കളെയും നിക്ഷേപങ്ങളെയും ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അത് നിങ്ങളു
ടെ പ്രശ്‌നമാണെന്നും നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തന്നെ വിട്ടുനല്‍കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.