ന്യൂദല്‍ഹി: ഹജ്ജ് സബ്‌സിഡി 10 വര്‍ഷം കൊണ്ട് നിര്‍ത്തലാക്കണമെന്ന് സുപ്രീംകോടതി. ഈ വര്‍ഷം മുതല്‍ ഘട്ടംഘട്ടമായി സബ്‌സിഡി കുറയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹജ്ജ് വിമാനനിരക്ക് വര്‍ധിപ്പിക്കാനും കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.
പ്രധാനമന്ത്രിയുടെ ഹജ് സൗഹൃദസംഘത്തിലെ അംഗസംഖ്യ രണ്ടാക്കി കുറയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ 30 അംഗ സംഘത്തെ ആയിരുന്നു കേന്ദ്രസര്‍ക്കാര്‍ അയച്ചിരുന്നത്. എന്നാല്‍ പുതുക്കിയ നയത്തില്‍ സംഘാംഗങ്ങളുടെ എണ്ണം അഞ്ചായി കുറയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ ഈ നിലപാട് തള്ളിക്കൊണ്ടാണ് അംഗങ്ങളുടെ എണ്ണം രണ്ടായി കുറയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. ജസ്റ്റിസുമാരായ അഫ്താബ് ആലം രഞ്ജന പ്രകാശ് ദേശായി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തില്‍ ഹജ്ജിനു പോയവര്‍ക്ക് വീണ്ടും അവസരം നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ക്വോട്ടയിലെ മിച്ചമുള്ള സീറ്റുകള്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്കു വീതിച്ചു നല്‍കാന്‍ ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചതിനെതിരെ കേന്ദ്രം നല്‍കിയ അപ്പീല്‍ പൊതുതാല്‍പര്യ ഹര്‍ജിയാക്കി മാറ്റിയാണു കോടതി പരിഗണിച്ചത്.
