ഇന്ത്യൻ സിനിമയിൽ അഞ്ചു പതിറ്റാണ്ടോളമായി നിറഞ്ഞു നിൽക്കുന്ന നടനാണ് രജനികാന്ത്. തമിഴ് സിനിമയിലെ എക്കാലത്തെയും സൂപ്പർസ്റ്റാറാണ് അദ്ദേഹം. വില്ലൻ വേഷങ്ങളിൽ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാ കരിയർ നായക വേഷത്തിലേക്കെത്താനും അത് പിന്നീട് സൂപ്പർസ്റ്റാറിലേക്കെത്താനും അധികം ദൂരമുണ്ടായിരുന്നില്ല.
അദ്ദേഹം നായകനായി ആദ്യം അഭിനയിച്ച ഭൈരവി എന്ന ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റാവുകയും ഏറെ ശ്രദ്ധിക്കപെടുകയുമായിരുന്നു. ബില്ലയിലെ നായക വേഷം അദ്ദേഹത്തിന്റെ സ്റ്റൈലിഷ് ഇമേജ് ഒന്ന് കൂടെ ഉറപ്പിച്ചു. അണ്ണാമലൈയിലെ വേഷമാണ് അദ്ദേഹത്തിന് തമിഴിൽ സൂപ്പർസ്റ്റാർ പദവി കൊടുത്ത ചിത്രം. അദ്ദേഹത്തിന്റെ പുതിയ ചിത്രം ജയിലർ2 തിയേറ്ററുകളിൽ വമ്പൻ ചലനമുണ്ടാക്കികൊണ്ട് തരംഗം സൃഷ്ടിക്കുകയാണ്.
സാധാരണയായി തനിക്ക് സിനിമകളുടെ രണ്ടാം ഭാഗം ചെയ്യുന്നതിനോട് താത്പര്യം ഇല്ലെന്നാണ് രജനികാന്ത് പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട് സൂപ്പർ ഷോയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പങ്കു വെച്ചത്.

ജയിലർ2.Photo.Screen Grab/IMDb
‘സീക്വൽ എന്ന വാക്ക് കേൾക്കുമ്പോൾത്തന്നെ എൻ്റെ മനസ്സിൽ ആദ്യം വരുന്നത് അവർക്കിനി പറയാൻ ഒന്നുമില്ലാതായിരിക്കുന്നു എന്നാണ്. അവരുടെ സർഗ്ഗാത്മകത മുഴുവൻ തീർന്നുപോയി. അതുകൊണ്ട് പഴയ സാധനങ്ങൾ തന്നെ കൂടുതൽ ഉപ്പും എരിവും ചേർത്ത് അലങ്കരിച്ചവതരിപ്പിക്കുകയാണ് എന്നാണ് എനിക്ക് തോന്നാറുള്ളത്. ബാഷയുടെ രണ്ടാം ഭാഗം ചെയ്യാൻ സത്യ മൂവീസ് എന്നോട് പലതവണ ആവശ്യപ്പെട്ടിരുന്നു. അതിനായുള്ള തിരക്കഥ പോലും തയ്യാറാക്കിയിരുന്നു. പക്ഷേ എനിക്കത് ചെയ്യാൻ താൽപ്പര്യമുണ്ടായിരുന്നില്ല.’ അദ്ദേഹം പറഞ്ഞു.
ജയിലർ റിലീസ് ചെയ്തതിന് കുറച്ചു കാലത്തിന് ശേഷം താൻ ജയിലർ വീണ്ടും ഒ.ടി.ടിയിൽ കണ്ടെന്നും അപ്പോഴാണ് നെൽസൺ നാലോ അഞ്ചോ പ്രധാനപ്പെട്ട കഥാസന്ദർഭങ്ങൾ യാതൊരു തീർപ്പും നൽകാതെ ബാക്കിവെച്ചിരിക്കുന്നത് തന്റെ ശ്രദ്ധയിൽപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഉദാഹരണത്തിന് തനിക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഒരു വലിയ അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലയെക്കുറിച്ച് വർമ്മൻ സംസാരിക്കുന്നുണ്ട്. ഈ സിനിമയിൽ നാലോ അഞ്ചോ ഇടങ്ങളിൽ ഞാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചു. പോലീസിനുപോലും ഭയമുള്ള വർമ്മ എന്നൊരു കഥാപാത്രമുണ്ട്.
ഇതൊരു വലിയ അന്താരാഷ്ട്ര ബിസിനസ്സാണ്.

ജയിലർ2.Photo.Screen Grab/IMDb
ഈ കാര്യങ്ങൾ നിയന്ത്രിക്കുന്ന ശക്തരായ ആളുകൾ ഇതിനകം തന്നെ സിനിമയിലുണ്ട്. സിനിമയുടെ അവസാന ഭാഗത്ത് വർമ്മ പറയുന്നുണ്ട് എന്റെ ആളുകൾ നിന്നെ വെറുതെ വിടില്ല അവർ വന്ന് നിന്നെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. കൂടാതെ ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന മൂന്ന് കണ്ടെയ്നറുകൾ ജയിലറുടെ കൈവശമാണെന്ന കാര്യവും മറക്കരുത്.
ഇത്തരമൊരു സംഘം എങ്ങനെയാണ് അത് വെറുതെ വിട്ടുകൊടുക്കുക. അതുകൊണ്ട് ഒരു രണ്ടാം ഭാഗത്തിനുള്ള കഥ ആ സിനിമയിൽത്തന്നെയുണ്ടായിരുന്നു. കൂടാതെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എനിക്ക് 75 വയസായി എന്നതാണ്. എന്റെ പ്രായത്തിന് അനുയോജ്യമായ ഒരു വേഷമായിരുന്നു അത്.’ അദ്ദേഹം പറഞ്ഞു.
Content Highlight: Superstar Rajinikanth stated that he was not interested in making sequels to movies, but Jailer had a story that warranted a second part.
