സൗത്ത് ആഫ്രിക്കന്‍ ടി-20 ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ചാഡ് ലേയ്‌കോക്ക്. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ടി-20 മത്സരത്തിലെ ഒരു ഓവറില്‍ തുടര്‍ച്ചയായി നാല് വിക്കറ്റുകള്‍ നേടുന്ന ആദ്യത്തെ താരമാകാനാണ് ചാഡ് ലേയ്‌കോക്കിന് സാധിച്ചത്.

സൗത്ത് ആഫ്രിക്കന്‍ സി.എസ്.എ ടി-20 ചലഞ്ച് 2026ല്‍ ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ ക്വാസുലു നതാല്‍ ഇന്‍ലാന്‍ഡ് തസ്‌കേഴ്‌സിന് വേണ്ടി കളിക്കവേയാണ് ചാഡ് ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സിനെതിരെ 18ാം ഓവറിലെ മൂന്നാം പന്ത് മുതലാണ് ചാഡ് തുടര്‍ച്ചയായ നാല് വിക്കറ്റുകള്‍ നേടിയത്. മാത്രമല്ല ഓവറിലെ ആദ്യ പന്തിലും താരം വിക്കറ്റ് നേടിയിരുന്നു. ഇതോടെ സൗത്ത് ആഫ്രിക്കന്‍ ടി-20യിലെ ഒരു ഓവറില്‍ തുടര്‍ച്ചയായ നാല് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ താരമാകാനും ചാഡിന് സാധിച്ചു. ഇതോടെ രണ്ട് നേട്ടങ്ങള്‍ കൈപ്പിടിയിലാക്കുകയാണ് പേസ് ബൗളര്‍.

ലീയസ് ഡു പ്ലൂയി (2), ഡയ്യാന്‍ ഗലീം (2), അഫീ ന്വാണ്ട (0), ജംഗോ സ്മിത്ത് (0), എസോസ ഐഹെബ (0) എന്നിവരെയാണ് ചാഡ് തന്റെ പതിനെട്ടാം ഓവറില്‍ പുറത്താക്കിയത്. മാത്രമല്ല തസ്‌കേഴ്‌സിന്റെ സൂപ്പര്‍ താരം ലുവാന്‍ ഡ്രെ പ്രട്ടോറിയസിനെയും പുറത്താക്കിയത് ചാഡ് ലേയ്‌ക്കോക്ക് ആയിരുന്നു. മത്സരത്തില്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 6.50 എന്ന് എക്കണോമിയിലായിരുന്നു താരത്തിന്റെ ബൗളിങ്.

അതേസമയം മത്സരത്തില്‍ 21 റണ്‍സിന് ടൈറ്റന്‍സാണ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് 19.5 ഓവറില്‍ 204 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു ടൈറ്റന്‍സ്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് മാത്രമാണ് തസ്‌കേഴ്‌സിന് നേടാന്‍ സാധിച്ചത്.

ടൈറ്റന്‍സിനു വേണ്ടി മികച്ച പ്രകടനം നടത്തിയത് ലുവാന്‍ പ്രട്ടോറിയസ് ആണ്. 36 പന്തില്‍ നിന്ന് നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 81 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. തസ്‌കേഴ്‌സിന് വേണ്ടി ആറാമനായി ഇറങ്ങിയ മൈക്കേല്‍ ഏര്‍ലാങ് 33 പന്തില്‍ നിന്ന് നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 56 റണ്‍സ് നേടി.

Content Highlight: Superstar Chad Laycock made history in South African T20 cricket by claiming a five-wicket haul, including four consecutive wickets in a single over