പിങ്ക് ആര്‍മിയെ പൊളിച്ചടുക്കിയ ചെന്നൈ വാഴുന്ന ലിസ്റ്റില്‍ ഉദയസൂര്യന്‍മാരും...
Cricket
പിങ്ക് ആര്‍മിയെ പൊളിച്ചടുക്കിയ ചെന്നൈ വാഴുന്ന ലിസ്റ്റില്‍ ഉദയസൂര്യന്‍മാരും...
ശ്രീരാഗ് പാറക്കല്‍
Tuesday, 14th April 2026, 10:31 am

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വമ്പന്‍ വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 57 റണ്‍സിനാണ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 217 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടയില്‍ 159 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു രാജസ്ഥാന്‍.

ഇതോടെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഉദയസൂര്യന്മാര്‍ക്ക് സാധിച്ചിരിക്കുകയാണ്.

ഐ.പി.എല്‍ ചരിത്രത്തില്‍ രാജസ്ഥാനെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന രണ്ടാമത്തെ ടീമാകാനാണ് ഹൈദരാബാദിന് സാധിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ദല്‍ഹി ക്യാപിറ്റല്‍സും ഹൈദരാബാദിനൊപ്പം ഈ നേട്ടം പങ്കിടുന്നുണ്ട്. ലിസ്റ്റില്‍ ഒന്നാം സ്ഥാനം ചെന്നൈയ്ക്കാണ്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയ ടീം

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 6 (2019 മുതല്‍ 2013 വരെ)

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 5 (2019 മുതല്‍ 2022 വരെ)

ദല്‍ഹി ക്യാപിറ്റല്‍സ് – 5 (2018 മുതല്‍ 2020 വരെ)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 5* (2023 മുതല്‍ 2026 വരെ)

ഹൈദരാബാദിന്റെ യുവ പേസര്‍മാരായ പ്രഫുല്‍ ഹിംഗെയുടെയും സാക്കിബ് ഹുസൈന്റെയും തീപാറുന്ന ബൗളിങ്ങിലാണ് രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞത്.

നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് അരങ്ങേറ്റക്കാരന്‍ കൂടിയായ പ്രഫുല്‍ സ്വന്തമാക്കിയത്. തന്റെ ആദ്യ ഓവറില്‍ വെറും ഒരു റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ താരം നേടി. ടീമിലെ മറ്റൊരു ഡെബ്യൂ ബൗളറായ പേസര്‍ സാക്കിബ് ഹുസൈന്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി.

ഇരു താരങ്ങള്‍ക്കും പുറമെ ശേഷിച്ച വിക്കറ്റുകള്‍ നേടിയത് യുവ പേസര്‍ ഈഷന്‍ മലിംഗയാണ്. ഹൈദരാബാദിന്റെ മൂന്ന് പേസര്‍മാരും അണ്‍ക്യാപ്ഡ് താരങ്ങളാണ് എന്നത് എടുത്ത് പറയേണ്ടതാണ്.

അതേസമയം രാജസ്ഥാന് വേണ്ടി പൊരുതിയത് രവീന്ദ്ര ജഡേജയും ഡെണോവന്‍ ഫെരേരയുമാണ്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ വമ്പന്‍ തകര്‍ച്ചയ്ക്ക് ശേഷം 118 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ഡൊണോവന്‍ ഫെരേരിയ 44 പന്തില്‍ 69 റണ്‍സാണ് സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജ 32 പന്തില്‍ 45 റണ്‍സും നേടി.

മത്സരത്തില്‍ ഉദയസൂര്യന്‍മാര്‍ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ്. 44 പന്തില്‍ ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 91 റണ്‍സാണ് താരം സ്വന്തമാക്കിയത്.

Content Highlight: Sunrisers Hyderabad In Great Record Achievement Against Rajasthan Royals In IPL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ