ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വമ്പന്‍ വിജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 57 റണ്‍സിനാണ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 217 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടയില്‍ 159 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു രാജസ്ഥാന്‍.
ഹൈദരാബാദിന്റെ യുവ പേസര്‍മാരായ പ്രഫുല്‍ ഹിംഗെയുടെയും സാക്കിബ് ഹുസൈന്റെയും തീപാറുന്ന ബൗളിങ്ങിലാണ് രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞത്.
This one’s for you, Orange Army 🧡 pic.twitter.com/7szyXc1QXO
— SunRisers Hyderabad (@SunRisers) April 13, 2026
നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. തന്റെ ആദ്യ ഓവറില്‍ വെറും ഒരു റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതോടെ പ്രഫുല്‍ ഐ.പി.എല്ലിലെ ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റ് നേടുന്ന ആദ്യ താരമാകുകയും ചെയ്തു. വെടിക്കെട്ട് ഓപ്പണര്‍ വൈഭവ് സൂര്യവംശി, ധ്രുവ് ജുറെല്‍, ലുവാന്‍ ഡ്രെ പ്രെട്ടോറിയസ് എന്നിവരെ പൂജ്യത്തിനാണ് താരം പറഞ്ഞയച്ചത്. മാത്രമല്ല സ്പെല്‍ തുടര്‍ന്നപ്പോള്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെ നാല് റണ്‍സിനും പുറത്താക്കി രാജസ്ഥാന്റെ ടോപ് ഓര്‍ഡര്‍ പൊളിച്ചടുക്കുകയായിരുന്നു പ്രഫുല്‍.
ഇംപാക്ട് പ്ലെയറായ പേസര്‍ സാക്കിബ് ഹുസൈന്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി. ശേഷിച്ച വിക്കറ്റുകള്‍ നേടിയത് യുവ താരം ഈഷന്‍ മലിംഗയാണ്. ഹൈദരാബാദിന്റെ മൂന്ന് പേസര്‍മാരും അണ്‍ക്യാപ്ഡ് താരങ്ങളാണ് എന്നത് എടുത്ത് പറയേണ്ടതാണ്.
അതേസമയം മത്സരത്തില്‍ രാജസ്ഥാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഡൊണോവന്‍ ഫെരേരിയയാണ്. 44 പന്തില്‍ 69 റണ്‍സാണ് താരം സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജ 32 പന്തില്‍ 45 റണ്‍സും നേടി. അവസാന ഘട്ടത്തില്‍ 25 റണ്‍സ് നേടി തുഷാര്‍ ദേശ്പാണ്ഡെയും മികവ് പുലര്‍ത്തി. മറ്റാര്‍ക്കും മികച്ച പ്രകടനംപുറത്തെടുക്കാന്‍ സാധിച്ചില്ല.
മത്സരത്തില്‍ ഉദയസൂര്യന്‍മാര്‍ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ്. 44 പന്തില്‍ ആറ് സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 91 റണ്‍സാണ് താരം സ്വന്തമാക്കിയത്.
കിഷന് പുറമെ 26 പന്തില്‍ 40 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനാണ് സെക്കന്റ് ടോപ് സ്‌കോറര്‍. അവസാന ഘട്ടത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി 28 റണ്‍സും സലില്‍ അറോറ 24* റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. അഭിഷേക് ശര്‍മ പൂജ്യം റണ്‍സിനാണ് മടങ്ങിയത്.
രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Content Highlight: Sunrisers Hyderabad Defeat Rajasthan Royals
