ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നാലാം തോല്‍വി. സണ്‍റൈസേഴ്സ് ഹൈദരാബാദ് 10 റണ്‍സിനാണ് ചെന്നൈയെ വീഴ്ത്തിയത്. ഹൈദരാബാദിന്റെ മൂന്നാം വിജയമാണിത്. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു.

നാല് ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്‍ മലിംഗയാണ് ചെന്നൈയെ തകര്‍ത്തത്. നിതീഷ് കുമാര്‍ റെഡ്ഢി രണ്ട് വിക്കറ്റും ശിവാങ് കുമാര്‍, സാകിബ് ഹുസ്സൈന്‍, പ്രഫുല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ചെന്നൈക്കായി മാത്യു ഷോര്‍ട്ട് 34 റണ്‍സും ആയുഷ് മാത്രേ 30 റണ്‍സും നേടി പൊരുതി. ശിവം ദുബൈ 21 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

അതേസമയം ഹൈദരാബാദ് നിരയില്‍ അഭിഷേക് ശര്‍മ്മ, ഹെന്റിച്ച് ക്ലാസന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 22 പന്തില്‍ 59 റണ്‍സ് നേടിയാണ് അഭിഷേക് തിളങ്ങിയത്. ആറ് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 39 പന്തില്‍ 59 റണ്‍സാണ് ക്ലാസന്‍ നേടിയത്. ആറ് ഫോറുകളും രണ്ട് സിക്സുമാണ് താരം സ്വന്തമാക്കിയത്.

ചെന്നൈക്കായി അന്‍ഷുല്‍ കാംബോജ്, ഓവര്‍ട്ടണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകളും മുകേഷ് ചൗധരി രണ്ട് വിക്കറ്റും സ്വന്തമാക്കി. ഗുര്‍ജപ്നീത് സിങ് ഒരു വിക്കറ്റും നേടി.

ഏപ്രില്‍ 21നാണ് ഹൈദരാബാദ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍. ഏപ്രില്‍ 23ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ മുംബൈ ഇന്ത്യന്‍സിനെയും നേരിടും.

Content Highlight: Sunrisers Hyderabad Beat Chennai super kings in ipl 2026