2026 ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ സിംബാബ്‌വേയെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ സെമി സാധ്യതകള്‍ സജീവമായി നിര്‍ത്തിയിരിക്കുകയാണ്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേയ്ക്ക് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
Clearing the ropes 1⃣7️⃣ times 💥
Contributions from top to bottom 🤝
സൂപ്പര്‍ 8ലെ ആദ്യ വിജയം സ്വന്തമാക്കിയതിനൊപ്പം ടി-20 ഫോര്‍മാറ്റിലെ ഒരു ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി. ടി-20യില്‍ അഞ്ച് തവണ 250+ റണ്‍സ് നേടുന്ന ആദ്യ അന്താരാഷ്ട്ര ടീം എന്ന നേട്ടവും രണ്ടാമത് ടീം എന്ന നേട്ടവുമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഐ.പി.എല്‍ സൂപ്പര്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഇതിന് മുമ്പ് ടി-20യില്‍ അഞ്ച് തവണ 250+ സ്‌കോര്‍ നേടിയത്.
2017ലാണ് ഇന്ത്യ ആദ്യമായി ടി-20യില്‍ 250 റണ്‍സ് നേടിയത്. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയായിരുന്നു എതിരാളികള്‍. മത്സരത്തില്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറി കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 260 റണ്‍സ് നേടുകയും 88 റണ്‍സിന്റെ ജയം സ്വന്തമാക്കുകയും ചെയ്തു.
രോഹിത് ശര്‍മ. Photo: BCCI
ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ടി-20 സ്‌കോര്‍ പിറന്ന 2024ലാണ് ടീം രണ്ടാം തവണ 250+ റണ്‍സ് നേടിയത്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 297 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിലായിരുന്നു ഇന്ത്യയുടെ നേട്ടം.
ടി-20യില്‍ ഇന്ത്യ 250+ മാര്‍ക് പിന്നിട്ട മത്സരങ്ങള്‍
(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
297/6 – ബംഗ്ലാദേശ് – ഹൈദരാബാദ് – 2024
283/1 – സൗത്ത് ആഫ്രിക്ക – ജോഹനാസ്‌ബെര്‍ഗ് – 2024
271/5 – ന്യൂസിലാന്‍ഡ് – തിരുവനന്തപുരം – 2026
260/5 – ശ്രീലങ്ക – ഇന്‍ഡോര്‍ – 2017
256/4 – സിംബാബ്‌വേ – ചെന്നൈ – 2026*
(ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ ക്രമത്തില്‍)
ഈ അഞ്ച് മത്സരത്തിലും ഇന്ത്യ തന്നെയാണ് വിജയം സ്വന്തമാക്കിയതും.
ഐ.പി.എല്ലിന്റെ 2024, 2025 സീസണുകളിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എല്ലില്‍ 250+ റണ്‍സ് നേടിയത്. 2024 മാര്‍ച്ച് 27ന് സ്വന്തം തട്ടകത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ഓറഞ്ച് ആര്‍മി അടിച്ചൊതുക്കിയത്. ശേഷം ആ സീസണില്‍ രണ്ട് തവണയും അടുത്ത സീസണില്‍ രണ്ട് തവണും ഉദയസൂര്യന്‍മാര്‍ 250 മാര്‍ക് പിന്നിട്ടു.
ഇന്ത്യയെ പോലെ ഈ അഞ്ച് മത്സരത്തിലും സണ്‍റൈസേഴ്‌സ് തന്നെയാണ് വിജയം സ്വന്തമാക്കിയത്.
അതേസമയം, സൂപ്പര്‍ 8ല്‍ സിംബാബ്‌വേയ്‌ക്കെതിരായ വിജയം വിന്‍ഡീസിനെതിരെയും ആവര്‍ത്തിച്ച് സെമി ഫൈനലുറപ്പിക്കാനാണ് ഇന്ത്യയൊരുങ്ങുന്നത്. മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.
Content Highlight: Sunrisers Hyderabad and India are the only team to cross 250 runs mark five times in T20