കാക്കിയിട്ട് കഴിഞ്ഞാല്‍ മസിലൊക്കെ താനെ പൊങ്ങും, നെഞ്ചു വിരിച്ചിരിക്കാനുള്ള ത്വര വരും: വേലയെ കുറിച്ച് ഷെയ്‌നും സണ്ണിയും
Movie Day
കാക്കിയിട്ട് കഴിഞ്ഞാല്‍ മസിലൊക്കെ താനെ പൊങ്ങും, നെഞ്ചു വിരിച്ചിരിക്കാനുള്ള ത്വര വരും: വേലയെ കുറിച്ച് ഷെയ്‌നും സണ്ണിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th November 2023, 12:50 pm

വേല എന്ന പുതിയ ചിത്രവുമായി എത്തുകയാണ് സണ്ണി വെയ്‌നും ഷെയ്ന്‍ നിഗവും. പൊലീസ് ഓഫീസറായിട്ടാണ് ഇരുവരും ചിത്രത്തില്‍ എത്തുന്നത്. മല്ലികാര്‍ജുന്‍ എന്ന കഥാപാത്രമായി സണ്ണിയും ഉല്ലാസ് എന്ന കഥാപാത്രവുമായി ഷെയ്‌നുമാണ് എത്തുന്നത്.

പൊലീസ് കഥാപാത്രമായി മാറുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന ചില മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇരുവരും. കാക്കിയിട്ട് കഴിഞ്ഞാല്‍ നമ്മള്‍ അറിയാതെ തന്നെ നമ്മളില്‍ ചില മാറ്റങ്ങള്‍ വരുമെന്നും മസിലൊക്കെ താനെ പൊങ്ങുമെന്നാണ് സണ്ണിയും ഷെയ്‌നും പറയുന്നത്. ക്ലബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു താരങ്ങള്‍.

‘ ഞങ്ങളുടെ കഥാപാത്രങ്ങള്‍ എങ്ങനെ ആയിരിക്കണമെന്നും ലുക്ക് എന്തായിരിക്കണമെന്നും സംവിധായകനും തിരക്കഥാകൃത്തിനും കൃത്യമായ ധാരണയുണ്ടായിരുന്നു. ഞാന്‍ ഒരാഴ്ച മുന്‍പേ ലൊക്കേഷനില്‍ എത്തി. അവിടെ മേക്കപ്പ് ടീം വന്നിട്ട് എന്റെ മുടിയിങ്ങനെ തോണ്ടി തോണ്ടി എടുത്തുകൊണ്ടിരിക്കുകയാണ്. ഒരു പോയിന്റ് എത്തിയപ്പോള്‍ ഞാന്‍ സ്‌റ്റോപ്പ് എന്നു പറഞ്ഞു. പക്ഷേ അവര്‍ വീണ്ടും എടുത്ത് കഷണ്ടിയാക്കി. എന്നെ അത്തരത്തില്‍ ഒരു പ്രായമായ ലുക്കിലേക്ക് കൊണ്ടുവന്നു. ആ ലുക്കില്‍ തന്നെ നമുക്ക് കഥാപാത്രത്തെ ഉണ്ടാക്കി തന്നു. കണ്ണാടിയില്‍ കോസ്റ്റിയൂം ഇട്ട് നോക്കിയപ്പോള്‍ മല്ലികാര്‍ജുന്‍ ആയി. പിന്നീട് ഫിസിക് ബില്‍ഡ് ചെയ്തു. പൊലീസ് യൂണിഫോം ഇടുമ്പോള്‍ തന്നെ നമ്മുടെ മസിലൊക്കെ ഓട്ടോമാറ്റിക്കലി പൊങ്ങും,’ സണ്ണി വെയ്ന്‍ പറഞ്ഞു.

പൊലീസ് യൂണിഫോം ഇട്ടു കഴിയുമ്പോള്‍ കുനിഞ്ഞ് കൂടിയിരിക്കുന്ന നമ്മള്‍ ഒന്ന് നിവര്‍ന്നിരിക്കും. നമുക്ക് തന്നെ അങ്ങനെ ഒരു തോന്നല്‍ വരും. അത്തരം ഉടുപ്പുകളൊന്നും നമ്മള്‍ സാധാരണ ധരിക്കുന്നതല്ലല്ലോ, ഷെയ്ന്‍ നിഗം കൂട്ടിച്ചേര്‍ത്തു.

സണ്ണി വെയ്‌നും മല്ലികാര്‍ജുനുമായി ഒരുപാട് ദൂരമുണ്ടെന്നും ഈ കഥാപാത്രം തനിക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാത്ത കഥാപാത്രമായിരുന്നെന്ന് സണ്ണി അഭിമുഖത്തില്‍ പറഞ്ഞു.

പവര്‍ഫുള്‍ ആയിട്ടുള്ള ഒരാളായി നമ്മള്‍ മാറുകയാണ്. അത്തരം കഥാപാത്രം കിട്ടുക എന്നത് തന്നെ ചാലഞ്ചിങ് ആയിരുന്നു. അത് എന്നില്‍ നിന്നും എത്രയോ ദൂരത്തുള്ള കഥാപാത്രമാണ്. അങ്ങനെ ഒരു കഥാപാത്രം ഉണ്ടാകുമോ എന്നറിയില്ല. കുറച്ചധികം പവറുള്ള കഥാപാത്രമാണ്.

കഥാപാത്രത്തിന് വേണ്ടി എടുത്ത പ്രിപ്പറേഷനെ കുറിച്ചും സണ്ണി വെയ്ന്‍ സംസാരിച്ചു. പാലക്കാടന്‍ സ്ലാംഗ് പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തമിഴ് കള്‍ച്ചറിന്റേയും പാലക്കാട് കള്‍ച്ചറിന്റേയും ഇടയ്ക്ക് ജീവിക്കുന്ന ആളാണ് മല്ലികാര്‍ജുന്‍ ആ ഭാഷ പിടിച്ചെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്, സണ്ണി വെയ്ന്‍ പറഞ്ഞു.

സ്ലാംഗിന്റെ കാര്യത്തില്‍ തനിക്കും ചില ട്രെയിനിങ് തന്നിരുന്നെന്ന് ഷെയ്‌നും പറഞ്ഞു. കണ്‍ട്രോള്‍ റൂമിലെ പൊലീസുകാര്‍ കുറച്ചുകൂടി ക്ലാരിറ്റിയോടെ സ്ഫുടതയോടെ വേഗതയില്‍ സംസാരിക്കണം. എന്റെ നോര്‍മല്‍ രീതി എന്നത് ചെറിയ പോസൊക്കെയിട്ട് അല്‍പം തപ്പലോടെ സംസാരിക്കുന്ന തരത്തിലാണ്. അത് മാറ്റിക്കൊണ്ടു വരാനുള്ള ട്രെയ്‌നിങ് ഉണ്ടായിരുന്നു. നമ്മള്‍ പറയുമ്പോള്‍, അത് കേള്‍ക്കണമെന്ന് അപ്പുറത്തുള്ളവന് തോന്നുന്ന രീതിയിലാവണം, ആ രീതിയിലുള്ള ട്രെയിനിങ് ഉണ്ടായിരുന്നു, ഷെയ്ന്‍ നിഗം പറഞ്ഞു.

Content Highlight: Sunny Wayne and Shane nigam about police Characters