വി.ഡി സതീശന്‍ സീറ്റ് ഉറപ്പ് നല്‍കിയിട്ടും വൈക്കത്ത് പരിഗണിച്ചില്ല, എന്തുകൊണ്ട്? അതൃപ്തി പരസ്യമാക്കി സണ്ണി എം. കപിക്കാട്
Kerala
വി.ഡി സതീശന്‍ സീറ്റ് ഉറപ്പ് നല്‍കിയിട്ടും വൈക്കത്ത് പരിഗണിച്ചില്ല, എന്തുകൊണ്ട്? അതൃപ്തി പരസ്യമാക്കി സണ്ണി എം. കപിക്കാട്
അനിത സി
Tuesday, 17th March 2026, 10:01 pm

കോട്ടയം: വൈക്കം നിയമസഭാ മണ്ഡലത്തില്‍ തന്നെ പരിഗണിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രഖ്യാപിച്ചിട്ടും സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ രാഷ്ട്രീയ ചിന്തകനായ സണ്ണി എം. കപിക്കാട്.

കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെയാണ് കപിക്കാട് വിമര്‍ശനവുമായി രംഗത്തെത്തിയത്. വൈക്കത്ത് കെ. ബിനി മോനാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരിക്കുന്നത്.

‘പ്രതിപക്ഷ നേതാവ് സീറ്റ് ഉറപ്പ് നല്‍കിയിരുന്നു. പതിനെട്ടോളം സംഘടനകളുടെ സാന്നിധ്യത്തിലായിരുന്നു വൈക്കത്ത് തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് വി.ഡി. സതീശന്‍ പ്രഖ്യാപിച്ചത്. പിന്നെ എന്തുകൊണ്ടാണ് അത് പാലിക്കാത്തതെന്ന് വി.ഡി. സതീശന്‍ തന്നെ വിശദീകരിക്കണം’ സണ്ണി കപിക്കാട് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി.ഡി. സതീശനുമായി സംസാരിച്ചിരുന്നു. വേറൊരു നേതാവുമായും ഔദ്യോഗികമായി സംസാരിച്ചിട്ടില്ല. എല്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി നേടിയെടുക്കേണ്ട ഒന്നാണ് സ്ഥാനാര്‍ത്ഥിത്വമെന്ന ചിന്ത തനിക്കില്ല. ഒരു സമുദായം നടത്തുന്ന സമരത്തിന്റെ അംഗീകാരമായി മാത്രമെ സ്ഥാനാര്‍ത്ഥിത്വത്തെ കണ്ടിരുന്നുള്ളൂവെന്നും അദ്ദേഹം വിശദമാക്കി.

രാഷ്ട്രീയം ഒരു പവര്‍ ഗെയിം ആണെന്ന ബോധ്യം തനിക്കുണ്ട്. സ്ഥാനാര്‍ത്ഥിത്വം കിട്ടാനും കിട്ടാതിരിക്കാനും സാധ്യതയുണ്ടെന്ന് തുടക്കം മുതല്‍ അറിയാമായിരുന്നു.

തന്റെ സ്ഥാനാര്‍ത്ഥിത്വം അങ്ങോട്ട് പോയി ഉറപ്പിച്ചതല്ല. ദൃശ്യമാധ്യമങ്ങളിലടക്കം അക്കാര്യം വന്നപ്പോഴും കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചില്ല. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും അവഗണിച്ചതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും സണ്ണി എം. കപിക്കാട് വിമര്‍ശിച്ചു. തന്നെ അവഗണിച്ചതിന് പിന്നിലെ കാരണം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വൈക്കത്ത് പ്രചാരണം ഒന്നും ആരംഭിച്ചിരുന്നില്ലെങ്കിലും നേതാക്കളുടെ ഉറപ്പ് വിശ്വസിച്ചിരുന്നു. മുന്നോട്ടുള്ള നിലപാട് ദളിത് സമുദായ മുന്നണി, സി.എസ്.ഡി.എസ് എന്നീ സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തിപരമായി ആരോടും പരാതിയില്ലെന്നും കോണ്‍ഗ്രസിനുള്ള മറുപടി സംഘടനകള്‍ തന്നെ നല്‍കുമെന്നും അദ്ദേഹം വിശദീകരിച്ചു.

Content Highlight: Vaikom Seat assured by V.D. Satheesan: Sunny M. Kapikad expressed his dissatisfaction

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.