ബന്ധുനിയമന വിവാദം: വിമര്‍ശനങ്ങള്‍ക്കും ന്യായീകരണങ്ങള്‍ക്കുമൊടുവില്‍ ബെന്നി തോമസ് രാജിവച്ചു
Kerala
ബന്ധുനിയമന വിവാദം: വിമര്‍ശനങ്ങള്‍ക്കും ന്യായീകരണങ്ങള്‍ക്കുമൊടുവില്‍ ബെന്നി തോമസ് രാജിവച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th June 2026, 7:45 pm

കണ്ണൂര്‍: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ബെന്നി തോമസ് രാജിവച്ചു. ബെന്നി രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവാണ് ബെന്നി തോമസ്.

ബെന്നി തോമസിന്റെ നിയമനം നേരത്തെ വിവാദമായിരുന്നു. സണ്ണി ജോസഫ് ബന്ധുവിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയെന്ന വിമര്‍ശനവും ഉയര്‍ന്നു വന്നിരുന്നു. ഇതിന് പിറകെയാണ് ഇപ്പോള്‍ ബെന്നി തോമസ് രാജിവച്ചത്.

സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിട്ടായിരുന്നു ബെന്നി തോമസിനെ നിയമിച്ചത്. നിലവില്‍ കണ്ണൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയാണ് ബെന്നി തോമസ്. കെ.എസ്.യു മുന്‍ നേതാവ് സുദീപ് ജെയിംസിനെയും സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിട്ടായി നിയമിച്ചിരുന്നു.

പ്രതിപക്ഷത്തിന് പുറമെ കോണ്‍ഗ്രസിനകത്ത് തന്നെ സണ്ണി ജോസഫിന്റെ ബന്ധു നിയമനത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നതായാണ് വിവരം. അടുത്തിടെ ചേര്‍ന്ന കെ.പി.സി.സി യോഗത്തില്‍ സണ്ണി ജോസഫിനെതിരെ ബന്ധു നിയമന വിവാദത്തില്‍ല വിമര്‍ശനമുയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബെന്നിയുടെ നിയമനത്തെ ന്യായീകരിക്കുന്ന നിലപാടാണ് വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫ് ഇതുവരെ സ്വീകരിച്ചിരുന്നത്. ബന്ധുവെന്ന നിലയിലല്ല ബെന്നിയെ നിയമിച്ചതെന്നും രാഷ്ട്രീയ രംഗത്തെ അദ്ദേഹത്തിന്റെ പരിചയമാണ് പരിഗണിച്ചിരുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. ഈ നിയമനത്തിന് നിയമപരമായ തടസമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് നേതാവായ ബെന്നി തോമസിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് ബന്ധു എന്ന പരിഗണനയില്‍ അല്ലെന്ന നിലപാട് സണ്ണി തോമസ് ആവര്‍ത്തിച്ചിരുന്നു. വിവിധ പദവികള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബെന്നി തോമസ് വഹിച്ചിരുന്നു. തനിക്ക് വിശ്വസിക്കാന്‍ പറ്റുന്ന പൊതു പ്രവര്‍ത്തകനാണ് ബെന്നി എന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.

പേഴ്‌സണല്‍ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നു എന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സണ്ണി ജോസഫിനോട് പറഞ്ഞിരുന്നതായാണ് വിവരം. നിയമസഭയിലും പുറത്തും പ്രതിപക്ഷവും ബന്ധു നിയമനത്തില്‍ ബെന്നി തോമസിനെ വിമര്‍ശിച്ചിരുന്നു.

Content Highlight: Sunny Joseph Personal Staff Controversy: Benny Thomas Resigned