മുമ്പ് ഹെന്ദവ വര്‍ഗീയവാദികളാണ് വിഷം ചീറ്റിയിരുന്നതെങ്കില്‍ ഇപ്പോള്‍ മറുകൂട്ടരായി; ഒരേ പണിയേ ചെയ്യൂ എന്ന വാശിയാണ്: സുനില്‍ പി. ഇളയിടം
Kerala News
മുമ്പ് ഹെന്ദവ വര്‍ഗീയവാദികളാണ് വിഷം ചീറ്റിയിരുന്നതെങ്കില്‍ ഇപ്പോള്‍ മറുകൂട്ടരായി; ഒരേ പണിയേ ചെയ്യൂ എന്ന വാശിയാണ്: സുനില്‍ പി. ഇളയിടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th September 2022, 11:16 pm

കൊച്ചി: തന്നെ ഹൈന്ദവ വര്‍ഗീയവാദിയായി ചാപ്പകുത്താനും യു.പിയിലേക്ക് നാടുകടത്താനും തുനിഞ്ഞിറങ്ങിയവരാണ് ഇപ്പോള്‍ തന്റെ മുമ്പത്തെ പ്രസംഗത്തിലെ ഒരു കഷ്ണം ഊരിയെടുത്ത് പോപ്പുലര്‍ ഫ്രണ്ടിന് ന്യായം ചമയ്ക്കുന്നതെന്ന് ഇടതുപക്ഷചിന്തകനും അധ്യാപകനുമായ സുനില്‍ പി. ഇളയിടം. തന്റെ പ്രസംഗത്തിലെ വാചകങ്ങള്‍ വളച്ചൊടിക്കുന്നതിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പോപ്പുലര്‍ ഫ്രണ്ടുകാര്‍ കഴിഞ്ഞ ദിവസം നടത്തിയ പേക്കൂത്തുകള്‍ മതനിരപേക്ഷ കേരളത്തിനെതിരെ ഉപയോഗിക്കാന്‍ സംഘപരിവാറിന് അടുത്തിടെ കിട്ടിയ ഏറ്റവും വലിയ ആയുധമാണ്.

ഹൈന്ദവ വര്‍ഗീയ വാദികള്‍ പലകാലം പണിപ്പെട്ട് ഉണ്ടാക്കിയെടുത്ത വിദ്വേഷത്തേക്കാള്‍ കവിഞ്ഞ മുസ്‌ലിം വിദ്വേഷം ഒറ്റദിവസം കൊണ്ട് ഉണ്ടാക്കാന്‍ അവര്‍ക്കും പിന്തുണക്കാര്‍ക്കും കഴിഞ്ഞു എന്നതാണ് ആ ഹര്‍ത്താലിന്റെ മികവുറ്റ സംഭാവനയെന്നും സുനില്‍ പി. ഇളയിടം പറഞ്ഞു.

ഇന്ത്യയിലെ മുസ്‌ലിങ്ങളെയും ഇതര ന്യൂനപക്ഷങ്ങളെയും വേട്ടയാടുന്നതിനെതിരെ ഉറച്ചുനിന്നു പൊരുതാന്‍ എല്ലാ ജനാധിപത്യ- മതനിരപേക്ഷ വാദികള്‍ക്കും ഉത്തരവാദിത്തമുണ്ട്. അതു വഴിമാത്രമേ ഹൈന്ദവ ഫാസിസത്തെ പ്രതിരോധിക്കാനുമാവൂ.

2018- 19 കാലത്ത് ഇതേ പ്രസംഗഭാഗം ഉപയോഗിച്ച് വിഷം ചീറ്റിയിരുന്നത് ഹൈന്ദവ വര്‍ഗീയവാദികളാണ്. ഇപ്പോള്‍ മറുകൂട്ടരായി. ഒരേ പണിയേ ചെയ്യൂ എന്ന വാശിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യന്‍ മുസ്‌ലിമിന്റെ അപരവല്‍ക്കരണം എന്ന് പൊളിറ്റിക്കല്‍ ഇസ്‌ലാം പറഞ്ഞുനടക്കുന്നതില്‍ ശരിയായ അംശങ്ങളുണ്ട്. അത് അഡ്രസ് ചെയ്യപ്പെടേണ്ട വിഷയമാണ്. മറിച്ച് ഹിന്ദുത്വം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചരിത്രപരമായി തെറ്റാണ്, അത് സമ്പൂര്‍ണമായി എതിര്‍ക്കപ്പടേണ്ടതാണ്,’ എന്നായിരുന്നു സുനില്‍ പി. ഇളയിടത്തിന്റെ പ്രസംഗം.

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ എന്‍.ഐ.എ റെയ്ഡും തുടര്‍ന്നുണ്ടായ നിരോധനവുമായി ബന്ധപ്പെട്ടും സുനില്‍ പി. ഇളയിടത്തിന്റെ പ്രസംഗം വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കെ.ജെ. ജേക്കബ്ബ് എഴുതിയത്: (എന്റെ ഒരു അനുബന്ധവും )
‘സുനില്‍ മാഷിന്റെ പ്രസംഗത്തിലെ ഒരു കഷ്ണം എടുത്തു സ്വത്വവാദികള്‍ ആഘോഷിക്കുന്നതിന്റെ ലോജിക്ക് മനസിലായില്ല. മാഷ് വളരെ ലളിതമായി കാര്യങ്ങള്‍ പറയുന്ന ആളാണ്, വാചകങ്ങള്‍ പലപ്പോഴും അല്‍പം നീളം കൂടിയാലും.

എനിക്ക് മനസിലായത് ഇതാണ്:
‘ഹിന്ദു അപകടത്തില്‍’ എന്ന് പരിവാരം പറഞ്ഞുനടക്കുന്നത് ഒരു നുണയാണ്; അത് പരിഗണിക്കപ്പെടേണ്ട വിഷയം പോലുമല്ല.
ഇന്ത്യന്‍ മുസ്‌ലിമിന്റെ അപരവല്‍ക്കരണം എന്ന് പൊളിറ്റിക്കല്‍ ഇസ്‌ലാം പറഞ്ഞുനടക്കുന്നതു സത്യമാണ്. അത് അഡ്രസ് ചെയ്യപ്പെടേണ്ട വിഷയമാണ്.

എന്നാല്‍ ഇന്ത്യന്‍ മുസ്‌ലിമിന്റെ അപരവല്‍ക്കരണം ഇന്ത്യന്‍ മുസ്‌ലിമിന്റെ മാത്രം വിഷയമല്ല. എല്ലാ സെക്കുലര്‍ മനുഷ്യരുടെയും വിഷയമാണ്. അല്ലെങ്കില്‍ ആകണം. മതതീവ്രവാദികളല്ല ഇന്ത്യന്‍ മുസ്‌ലിമിന്റെ രക്ഷകര്‍. ഇത്രയും കൃത്യമായി പറഞ്ഞ കാര്യം പൊളിറ്റിക്കല്‍ ഇസ്‌ലാമിനുള്ള ന്യായീകരണമാണ് എന്ന് തോന്നുന്നവര്‍ തല പരിശോധിപ്പിക്കുന്നത് നന്നായിരിക്കും.’
പ്രിയപ്പെട്ട ജേക്കബ്ബിന് നന്ദി.

ഇനി പറയുന്നത് മുമ്പേ പലവട്ടം പറഞ്ഞതാണ്. ഹൈന്ദവ വര്‍ഗീയവാദികള്‍ക്ക് മനസ്സിലായിട്ടില്ല. കൈവെട്ടുകാര്‍ക്കും മനസ്സിലാവില്ല.

ജോസഫ് മാഷിന്റെ കൈ വെട്ടിമാറ്റിയും അഭിമന്യുവിനെ കുത്തിക്കൊന്നുമെല്ലാം ‘മുന്നേറുന്ന’ മതഭീകരവാദികളും, മതരാഷ്ട്രവാദികളായ പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകളും ഇന്ത്യയിലെ മുസ്‌ലിങ്ങളെ വേട്ടയാടുന്ന സംഘപരിവാര്‍ അജണ്ടയ്ക്ക് തുണയാകുന്നതിനപ്പുറം മറ്റെന്തെങ്കിലും ചെയ്യുന്നതായി ഞാന്‍ കരുതുന്നില്ല. ഇന്ത്യയിലെ അവശേഷിക്കുന്ന മതനിരപേക്ഷ പൊതുസമൂഹത്തെ വെട്ടിപ്പിളര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന് അങ്ങേയറ്റം ഉപയോഗപ്രദമായ ‘സംഭാവന’കളാണ് അവരുടേത് !

പോപ്പുലര്‍ ഫ്രണ്ടുകാര്‍ കഴിഞ്ഞ ദിവസം നടത്തിയ പേക്കൂത്തുകള്‍ മതനിരപേക്ഷ കേരളത്തിനെതിരെ ഉപയോഗിക്കാന്‍ സംഘപരിവാറിന് അടുത്തിടെ കിട്ടിയ ഏറ്റവും വലിയ ആയുധമാണ്. ഹൈന്ദവ വര്‍ഗീയ വാദികള്‍ പലകാലം പണിപ്പെട്ട് ഉണ്ടാക്കിയെടുത്ത വിദ്വേഷത്തേക്കാള്‍ കവിഞ്ഞ മുസ്‌ലിം വിദ്വേഷം ഒറ്റദിവസം കൊണ്ട് ഉണ്ടാക്കാന്‍ അവര്‍ക്കും പിന്തുണക്കാര്‍ക്കും കഴിഞ്ഞു എന്നതാണ് ആ ഹര്‍ത്താലിന്റെ മികവുറ്റ സംഭാവന!

എന്നാല്‍, ഇതിന്റെയെല്ലാം പേരില്‍ ഇന്ത്യയിലെ മുസ്‌ലിം ജനത നേരിടുന്ന വലിയ തോതിലുള്ള അപരവത്കരണത്തെയും വേട്ടയാടലുകളെയും നാം കാണാതിരുന്നു കൂടാ. കൈവെട്ടുകാര്‍ മുതല്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകള്‍ വരെയുള്ളവര്‍ ഈ അപരവത്കരണത്തിന്റെ മറപറ്റി നിന്നാണ് മതഭീകരതയും മതരാഷ്ട്രവാദവും അവതരിപ്പിക്കുന്നത്. പക്ഷേ, അക്കാര്യം മുന്‍നിര്‍ത്തി സമീകരണത്തിന്റെ താര്‍ക്കികതയില്‍ അഭിരമിക്കാനോ, ഇന്ത്യയിലെ മുസ്‌ലിം ജനത നേരിടുന്ന വേട്ടയാടലുകളെ അവഗണിക്കാനോ പാടില്ല. അത് സംഘപരിവാര്‍ യുക്തിയാണ്.

ഇന്ത്യയിലെ മുസ്‌ലിങ്ങളെയും ഇതര ന്യൂനപക്ഷങ്ങളെയും വേട്ടയാടുന്നതിനെതിരെ ഉറച്ചുനിന്നു പൊരുതാന്‍ എല്ലാ ജനാധിപത്യ- മതനിരപേക്ഷ വാദികള്‍ക്കും ഉത്തരവാദിത്തമുണ്ട്. അതു വഴിമാത്രമേ ഹൈന്ദവ ഫാസിസത്തെ പ്രതിരോധിക്കാനുമാവൂ.

ഒരു കൗതുകം കൂടി; കുറച്ചു കാലം മുമ്പ് എന്നെ ഹൈന്ദവ വര്‍ഗീയവാദിയായി ചാപ്പകുത്താനും യു.പിയിലേക്ക് നാടുകടത്താനും തുനിഞ്ഞിറങ്ങിയവരാണ് ഇപ്പോള്‍ എന്റെ തന്നെ പ്രസംഗത്തിലെ ഒരു കഷ്ണം ഊരിയെടുത്ത് പോപ്പുലര്‍ ഫ്രണ്ടിന് ന്യായം ചമയ്ക്കുന്നത്!

2018-19 കാലത്ത് ഇതേ പ്രസംഗഭാഗം ഉപയോഗിച്ച് വിഷം ചീറ്റിയിരുന്നത് ഹെന്ദവ വര്‍ഗീയവാദികളാണ്.
ഇപ്പോള്‍ മറുകൂട്ടരായി. ഒരേ പണിയേ ചെയ്യൂ എന്ന വാശിയാണ്!

Content Highlight: Sunil P Ilayidom’s talks about His earlier Speech about Hindutva communalism