രാജുവിന്റെ മൊഴി നീതിവാക്യമെന്ന് സുനില്‍ പി. ഇളയിടം
Kerala
രാജുവിന്റെ മൊഴി നീതിവാക്യമെന്ന് സുനില്‍ പി. ഇളയിടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd December 2020, 2:08 pm

തിരുവനന്തപുരം: അഭയ കേസിലെ മുഖ്യ സാക്ഷി രാജുവിന്റെ മൊഴിയെ നീതി വാക്യമെന്ന് അഭിസംബോധന ചെയ്ത് പ്രശസ്ത സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടം. വര്‍ഷങ്ങള്‍ക്കൊടുവില്‍ വിധി പ്രഖ്യാപിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നീതിവാക്യം എന്ന് മുകളില്‍ കൊടുത്തുകൊണ്ട് രാജുവിന്റെ പ്രസ്താവന ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു പി. ഇളയിടം.

അഭയ കേസില്‍ കേസിലെ നിര്‍ണായക സാക്ഷിയായ മോഷ്ടാവ് രാജുവിന്റെ മൊഴിയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം നടത്തിയ പ്രസ്താവനയും ശ്രദ്ധേയമായിരുന്നു.

‘3 സെന്റ് കോളനിയിലാ ഞാന്‍ താമസം. എനിക്ക് കോടികളുടെ ഓഫറാണ് വന്നത്, ഞാന്‍ ഇത് വരെ 5 പൈസ കൂടി ആരൂടെയും കൈയിന്ന് വാങ്ങിയിട്ടില്ല. എനിക്കും രണ്ട് പെണ്‍മക്കളുണ്ട്. ഇത്രയും വളര്‍ത്തിയിട്ട് പെട്ടെന്ന് അവര്‍ ഇല്ലാതായാലുള്ള അവസ്ഥ എന്തായിരിക്കും? ഞാന്‍ എന്റെ പെണ്‍മക്കളുടെ സ്ഥാനത്താണ് ആ കുഞ്ഞിനെ കണ്ടത്. ആ കുടുബത്തിലെ (അഭയയുടെ) എല്ലാരും പോയില്ലേ. ഒരു വേരു കൂടി ഉണ്ടോ? ആ കുഞ്ഞിന്റെ അപ്പന്റെ സ്ഥാനത്ത് നിന്നാണ് ഞാന്‍ പറയുന്നത്. എന്റെ കുഞ്ഞിന് നീതി ലഭിച്ചു .ഞാന്‍ ഹാപ്പിയാണ്.’ എന്നായിരുന്നു കേസിലെ സാക്ഷി രാജു മാധ്യമങ്ങളോട് പ്രതികരിച്ചത്.


കേസിന്റെ ആദ്യ കാലം മുതല്‍ അഭയയുടെ മാതാപിതാക്കള്‍ക്കൊപ്പവും അവരുടെ മരണശേഷം തനിച്ചും പോരാടിയ സാമൂഹ്യപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ പറഞ്ഞത് ‘അഭയ കൊല്ലപ്പെടുമ്പോള്‍ ദൈവം കള്ളന്റെ രൂപത്തില്‍ വന്നു’ എന്നാണ്.

കേസില്‍ മൂന്നാം സാക്ഷിയായിരുന്നു രാജു. സംഭവ ദിവസം കോണ്‍വെന്റില്‍ മോഷ്ടിക്കാന്‍ കയറിയ രാജു പ്രതികളെ കണ്ടത് തുറന്ന് പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. തന്നെ കുറ്റം ഏറ്റു പറയാനായി പൊലീസ് നിര്‍ബന്ധിച്ചിരുന്നെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും കഴിഞ്ഞ ദിവസം രാജു പറഞ്ഞിരുന്നു.

അഭയ കൊലക്കേസില്‍ പ്രതികളെ സംരക്ഷിക്കുന്നതിനായി ആദ്യ ഘട്ടം മുതല്‍ നിരവധി ഉന്നതതല ഇടപെടലുകളാണ് നടന്നിട്ടുള്ളത്. അഭയ ആത്മഹത്യ ചെയ്തതാണെന്ന ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്, സാക്ഷികളുടെ കൂറുമാറ്റം, തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്, മൊഴികളും അന്വേഷണ റിപ്പോര്‍ട്ടുകളും തിരുത്തപ്പെട്ടത് തുടങ്ങി എല്ലാ സാഹചര്യങ്ങളും സിസ്റ്റര്‍ അഭയ കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയപ്പോഴാണ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി രാജു രംഗത്ത് വന്നത്.

കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള പയസ് ടെന്‍ത് കോണ്‍വെന്റിലാണ് 1992 മാര്‍ച്ച് 27 ന് സിസ്റ്റര്‍ അഭയ എന്ന രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്ന് രാത്രി രാജു മോഷണത്തിന് കയറുമ്പോള്‍ കോണ്‍വെന്റിന്റെ ഗോവണയില്‍ രണ്ട് പുരുഷന്‍മാരെ കണ്ടുവെന്നും അതില്‍ ഒന്ന് ഇപ്പോള്‍ കുറ്റക്കാരനായി കണ്ടെത്തിയ ഫാ. തോമസ് കോട്ടൂര്‍ ആയിരുന്നു എന്നുമാണ് മൊഴി നല്‍കിയത്. അന്ന് മോഷണം നടത്താതെ തിരിച്ചുപോയെന്നും പിറ്റേന്നു രാവിലെ മഠത്തിനു പുറത്ത് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും കണ്ടപ്പോഴാണ് മരണം അറിഞ്ഞതെന്നും അടയ്ക്കാ രാജു മൊഴി നല്‍കിയിരുന്നു. അങ്ങനെയാണ് അഭയയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് വ്യക്തമാകുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sunil P Ilayidom about Raju’s Statement – Abhaya case witness