ടി-20 ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ് സ്പിന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍. ടി-20ല്‍ 600 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. മേജര്‍ ലീഗ് ക്രിക്കറ്റില്‍ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സിനായി കളിച്ച മത്സരത്തിലൂടെയാണ് നരെയ്ന്‍ തന്റെ കരിയറിലെ 600ാമത് ടി-20 മത്സരം പൂര്‍ത്തിയാക്കിയത്. ഇതോടെ പുരുഷ ടി-20 ക്രിക്കറ്റില്‍ 600 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് നരെയ്ന്‍.
ഈ ചരിത്രനേട്ടം മുമ്പ് സ്വന്തമാക്കിയ ഏക താരം വെസ്റ്റ് ഇന്‍ഡീസ് മുന്‍ നായകന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡാണ്. ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡും പൊള്ളാര്‍ഡിന്റെ പേരിലാണ്.
ഐ.പി.എല്‍, കരീബിയന്‍ പ്രീമിയര്‍ ലീഗ്, മേജര്‍ ലീഗ് ക്രിക്കറ്റ്, ദി ഹന്‍ഡ്രഡ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് തുടങ്ങി ലോകമെമ്പാടുമുള്ള നിരവധി ടി-20 ലീഗുകളില്‍ നരെയ്ന്‍ പങ്കെടുത്തിട്ടുണ്ട്. ബൗളിങ്ങിന് പുറമെ ആക്രമണാത്മക ബാറ്റിങ്ങും നരെയ്‌നെ വ്യത്യസ്തനാക്കുന്നു. ടി-20 ക്രിക്കറ്റിലെ ഏറ്റവും സ്വാധീനമുള്ള ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് നരെയ്ന്‍.
600 മത്സരങ്ങളുടെ ഈ ചരിത്രനേട്ടത്തിന് പുറമെ, ടി20 ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ നേടുന്ന ആദ്യ ബൗളര്‍ എന്ന റെക്കോഡും സുനില്‍ നരെയ്ന്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ടി-20യില്‍ 600 മത്സരങ്ങളില്‍ നിന്ന് 635 വിക്കറ്റ് നേടിയ നരെയ്ന്‍ 4809 റണ്‍സും സ്വന്തമാക്കി.
അതേസമയം മത്സരത്തില്‍ സീറ്റില്‍ ഓര്‍കാസ് 20 റണ്‍സിന് ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ഓര്‍കാസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടിക്കിറങ്ങിയ നൈറ്റ് റൈഡേഴ്‌സിന്റ ഇന്നിങ്‌സ് എട്ട് വിക്കറ്റില്‍ 134 റണ്‍സിന് അവസാനിക്കുകയായിരുന്നു.