2027 ഏകദിന ലോകകപ്പിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര രോഹിത് തന്റെ കഴിവ് തെളിയിക്കാനുള്ള ഒരു വേദിയാക്കി മാറ്റണമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. രോഹിത് വലിയ കഴിവുള്ള താരമാണെന്നും സമ്മര്‍ദം രോഹിത്തിനെ ബാധിക്കില്ലെന്നും ഇന്ത്യന്‍ ഇതിഹാസം വ്യക്തമാക്കി.

‘രോഹിത് ശര്‍മയെക്കുറിച്ച് എപ്പോഴും ചര്‍ച്ചകള്‍ നടക്കാറുണ്ട്. അദ്ദേഹം ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്നും എന്ത് ചെയ്യണമെന്നും അദ്ദേഹത്തിന് വ്യക്തമായി അറിയാം. പ്രധാനപ്പെട്ട ആളുകളില്‍ നിന്നും അദ്ദേഹത്തിന് പിന്തുണയും നിര്‍ദേശങ്ങളും ലഭിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലോകകപ്പിന് മുമ്പായുള്ള അടുത്ത ഒന്നര വര്‍ഷം രോഹിത് സ്ഥിരതയോടെ മികച്ച പ്രകടനം നടത്തുകയെന്നതാണ് ഏറ്റവും പ്രധാനം.

വലിയ കഴിവുള്ള താരമാണ് രോഹിത്. അതിനാല്‍ സമ്മര്‍ദം അദ്ദേഹത്തെ അധികം ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഇംഗ്ലണ്ട് പരമ്പര രോഹിത്തിന് മികവ് തെളിയിക്കാനുള്ള ഒരു അവസരമാണ്. ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് വേണ്ടി ഓപ്പണറായി താന്‍ തന്നെ കളിക്കുമെന്ന് കാണിക്കാനുള്ള ഒരു വേദിയുമാണ് രോഹിത്തിന്റെ മുന്നിലുള്ളത്,’ സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞു.

മൂന്ന് മത്സരങ്ങളാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുക. പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 14നാണ് നടക്കുന്നത്. ബര്‍മിങ്ഹാമിലെ എഡ്ബാജ്സ്റ്റണിലാണ് മത്സരം. രണ്ടാം മത്സരം ജൂലൈ 16നും മൂന്നാം മത്സരം ജൂലൈ 19നും നടക്കും.

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിദ് റാണ, ഗുര്‍നൂര്‍ ബ്രാര്‍.

അതേസമയം ഏകദിന പരമ്പരക്ക് മുമ്പായി ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി-20 മത്സരങ്ങളും കളിക്കും. ജൂലൈ ഒന്നിനാണ് പരമ്പരക്ക് തുടക്കമാവുന്നത്.

ഇംഗ്ലണ്ട് ടി-20 പരമ്പരക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

 

Content Highlight: Sunil Gavasker talks about Rohit Sharma performance in odi