ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി-20 പരമ്പരയിൽ സമ്പൂർണമായി ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയെ 56 റൺസിന് വീഴ്ത്തി ഇംഗ്ലണ്ട് 4-0ത്തിനാണ് പരമ്പര കൈപ്പിടിയിലാക്കിയത്. ആദ്യം മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 257 റൺസിന്റെ കൂറ്റൻ ടോട്ടലാണ് ഇന്ത്യക്കെതിരെ അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസിൽ അവസാനിക്കുകയായിരുന്നു.
പരമ്പരയിലെ അവസാന മത്സരത്തിൽ യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചിരുന്നില്ല. വൈഭവിന് പകരം മലയാളി താരം സഞ്ജു സാംസണായിരുന്നു കളത്തിലിറങ്ങിയത്. പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ വൈഭവിന് അവസരം ലഭിച്ചിരുന്നു. എന്നാൽ അവസാന മത്സരത്തിൽ സഞ്ജു പ്ലെയിങ് ഇലവിൽ തിരിച്ചെത്തുകയായിരുന്നു.
ഇപ്പോൾ സൂര്യവംശിയെ ടീമിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. സഞ്ജു ടീമിൽ വന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും എന്നാൽ മൂന്നാം നമ്പറിൽ വൈഭവിന് അവസരം നൽകാമായിരുന്നുവെന്നുമാണ് ഗവാസ്ക്കർ പറഞ്ഞത്. സോണി സ്പോർട്സിലൂടെ സംസാരിക്കുകയായിരുന്നു ഗവാസ്കർ.
‘സാംസൺ ടീമിലേക്ക് വന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷേ മൂന്നാം നമ്പറിൽ സൂര്യവംശിക്ക് ഒരു അവസരം കൂടി നൽകേണ്ടതായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. അവൻ എങ്ങനെയാണ് പുറത്തായതെന്ന് നിങ്ങൾ കണ്ടതല്ലേ. അതിന് ശേഷം അവൻ വളരെ നിരാശനായിരുന്നു. ആ തെറ്റിൽ നിന്നും അവൻ എന്തെങ്കിലും പാഠം പഠിച്ചോ എന്നറിയാൻ ഈ മത്സരത്തിൽ വീണ്ടും അവസരം നൽകാമായിരുന്നു. രണ്ട് തവണയും ഹുക്ക് ഷോട്ട് കളിച്ചാണ് അവൻ പുറത്തായത്. ഇപ്പോൾ അവൻ ഇതിനെ ഒരു വെല്ലുവിളിയായി എടുത്ത് ശക്തമായി തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ടീമിൽ നിന്നും പുറത്താകുന്നത് ഏതൊരു താരത്തിനും വലിയ നിരാശ തന്നെയാണ്,’ സുനിൽ ഗവാസ്കർ പറഞ്ഞു.
അതേസമയം മത്സരത്തിൽ സെഞ്ച്വറി നേടിയ ജോസ് ബട്ലറുടെയും ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെയും വെടിക്കെട്ട് ഇന്നിങ്സുകളുടെ കരുത്തിലാണ് ഇംഗ്ലണ്ട് വലിയ വിജയലക്ഷ്യം ഇന്ത്യക്ക് നേരെ ഉയർത്തിയത്. 64 പന്തുകളിൽ നിന്നും 12 ഫോറുകളും എട്ട് സിക്സുകളും അടക്കം 131 റൺസാണ് ബട്ലർ നേടിയത്. ക്യാപ്റ്റൻ ബ്രൂക് 45 പന്തിൽ പുറത്താവാതെ 95 റൺസ് നേടിയും തിളങ്ങി. നാല് ഫോറുകളും എട്ട് സിക്സുകളുമാണ് ഇംഗ്ലീഷ് ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്.
ഇംഗ്ലണ്ട് ബൗളിങ്ങിൽ സാം കറൻ മൂന്ന് വിക്കറ്റും ആദിൽ റഷീദ് രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ലിയാം ഡാവ്സൺ, ജോഫ്ര ആർച്ചർ, ജോഷ് ടംങ് എന്നിവർ ഓരോ വിക്കറ്റും നേടി.
ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ, തിലക് വർമ എന്നിവർ അർധ സെഞ്ച്വറി നേടി പൊരുതി നിന്നു. 35 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സും അടക്കം 56 റൺസാണ് ഇഷാൻ നേടിയത്. തിലക് വർമ 25 പന്തിൽ 53 റൺസും സ്വന്തമാക്കി. മൂന്ന് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
ഇന്ത്യയ്ക്കായി ശിവം ദുബെ രണ്ട് വിക്കറ്റും പ്രസിദ്ധ കൃഷ്ണ ഒരു വിക്കറ്റും കൈപ്പിടിയിലാക്കി.
Content Highlight: Sunil Gavaskar talks about Vaibhav Suryavanshi chances of Indian team