ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. അള്‍ട്രാ-ഷോര്‍ട്ട് ഫോര്‍മാറ്റില്‍ ക്ലാസിക് ഷോര്‍ട്ടുകള്‍ കൊണ്ട് സഞ്ജു തന്റെ കഴിവ് തെളിയിച്ചെന്ന് ഗവാസ്‌കര്‍ പറഞ്ഞു. സഞ്ജുവിന്റെ മൂന്ന് ഫിഫ്റ്റി പ്ലസ് സ്‌കോറും സമീപകാലത്ത് കണ്ട ഏറ്റവും മികച്ച പുള്ളിങ്ങും ഹുക്കിങ്ങും സഞ്ജുവിന്റെ ക്ലാസ് എത്രത്തോളം മികച്ചതാണന്ന് മുന്‍ താരം എടുത്തുകാട്ടി.
‘ടെസ്റ്റിലും 50 ഓവര്‍ ക്രിക്കറ്റിലും ബാറ്റിങ്ങിന്റെ പരിശുദ്ധി നിലനിര്‍ത്താന്‍ സാധിക്കുന്നത് പൊതുവെ ഒരു ഗുണമാണ്, പക്ഷേ അള്‍ട്രാ-ഷോര്‍ട്ട് ഫോര്‍മാറ്റില്‍ ഒരിക്കലും അങ്ങനെ സംഭവിക്കാറില്ല. ക്ലാസിക്കല്‍ ക്രിക്കറ്റ് ഷോട്ടുകള്‍ കളിച്ച് സഞ്ജു അത് തെളിയിച്ചു. തന്റെ മൂന്ന് ഫിഫ്റ്റി പ്ലസ് സ്‌കോറും സമീപകാലത്ത് കണ്ട ഏറ്റവും മികച്ച പുള്ളിങ്ങും ഹുക്കിങ്ങും ഉള്‍പ്പെടെയാണ് സഞ്ജു തന്റെ കഴിവ് വീണ്ടും തെളിയിച്ചത്.
സഞ്ജു സാംസൺ
ജോഫ്ര ആര്‍ച്ചറിന്റെ ഉഗ്രമായ വേഗതയിലുള്ള പന്ത് സഞ്ജു പുള്ള് ചെയ്തപ്പോള്‍ വിവ് റിച്ചാര്‍ഡ്‌സിനെ ഓര്‍മ വന്നു, എന്നിരുന്നാലും അദ്ദേഹത്തിന്റെ ബാറ്റിങ്ങിന്റെ ഭൂരിഭാഗവും ശ്രീലങ്കന്‍ സ്‌റ്റൈലിസ്റ്റ് മഹേല ജയവര്‍ധനയെപ്പോലെയാണ്,’ ഗവാസ്‌കര്‍ സ്പോര്‍ട്സ്റ്റാറിലെ തന്റെ കോളത്തില്‍ എഴുതി.
അതേസമയം ടി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്.
സെമിയടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.
ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സാണ് താരം നിന്ന് അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89ഉം നേടിയിരുന്നു.
Content Highlight: Sunil Gavaskar Talking About Sanju Samson