ഐ.പി.എല്ലിന്റെ 19ാം സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ നഥാന്‍ എല്ലിസിന് പരിക്ക് പറ്റിയത് ചെന്നൈക്ക് കനത്ത തിരിച്ചടിയെന്ന് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഡെത്ത് ഓവറില്‍ നഥാന് പകരം ആരാണ് ചെന്നൈക്ക് വേണ്ടി ബൗള്‍ ചെയ്യുകയെന്ന് ഗവാസ്‌കര്‍ ചോദ്യമുയര്‍ത്തി.
ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ മതീഷ പതിരാനയെ ചെന്നൈ വിട്ടുനല്‍കിയെങ്കിലും ഇപ്പോള്‍ താരത്തിനും ഫിറ്റ്‌നസ് ആശങ്കയുണ്ടെന്ന് ഗവാസ്‌കര്‍ പറഞ്ഞു. മാത്രമല്ല യുവ താരങ്ങളുടെങ്കിലും ഡെത്ത് ഓവറില്‍ മികച്ച ഒരു ബൗളര്‍ ഇല്ലാത്തത് ചെന്നൈക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

നഥാന്‍ എല്ലിസ്
‘നഥാന്‍ എല്ലിസ് പുറത്തായാല്‍ ആരാണ് ചെന്നൈയ്ക്ക് ഡെത്ത് ബൗളിങ് ഓപ്ഷന്‍? ലേലത്തിന് മുമ്പ് ചെന്നൈ മതീഷ പതിരാനയെ വിട്ടുനല്‍കി. പതിരാന അവരുടെ ഡെത്ത് ബൗളറായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഫിറ്റ്നസിനെ കുറിച്ച് ആശങ്കകളുണ്ടായിരുന്നു, അവര്‍ പറഞ്ഞത് ശരിയായിരുന്നു. കെ.കെ.ആറിന് വേണ്ടി അദ്ദേഹം എത്ര മത്സരങ്ങളില്‍ ലഭ്യമാകുമെന്ന് ഞങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല. അദ്ദേഹത്തിന്റെ ഫോമും ഒരു ശതമാനം കുറഞ്ഞിരുന്നു, അദ്ദേഹത്തെ അവര്‍ക്ക് കൃത്യമായി ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന് അറിയില്ല.

മതീഷ പതിരാന
എന്നിരുന്നാലും, അവര്‍ പതിരാനയെ വിട്ടപ്പോള്‍, നഥാന്‍ എല്ലിസ് അവരുടെ ഡെത്ത് ബൗളറാകുന്നതിലേക്ക് ശ്രദ്ധ കൊടുത്തു. പക്ഷേ, എല്ലിസും ഇല്ലെങ്കില്‍, ആരാണ് ഡെത്ത് ഓവറുകള്‍ എറിയുക? സി.എസ്.കെയില്‍ മാറ്റ് ഹെന്റി, ജാമി ഓവര്‍ട്ടണ്‍, മുകേഷ് ചൗധരി, ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഗുര്‍ജപ്നീത് സിങ് എന്നിവരുണ്ട്. പക്ഷേ, അവരാരും ഡെത്ത് ബൗളിങ് സ്‌പെഷ്യലിസ്റ്റുകളല്ല. ഡെത്ത് ബൗളിങ് ഇപ്പോള്‍ ഒരു വലിയ ആശങ്കയാണ്, എല്ലിസിന്റെ അഭാവം ഗുരുതരമായ തിരിച്ചടിയാണ്,’ ഗവാസ്‌കര്‍ പറഞ്ഞു.
ഐ.പി.എല്‍ 2026ലെ മുഴുവന്‍ സീസണും എല്ലിസിന് നഷ്ടമാകുമെന്നാണ് സ്റ്റാര്‍സ്പോര്‍ട്സ് റിപ്പോര്‍ട്ട്. ഐ.പി.എല്ലിന്റെ 19ാം സീസണിന് മുന്നോടിയായി നടന്ന മെഗാ ലേലത്തില്‍ രണ്ട് കോടി രൂപയ്ക്ക് ചെന്നൈ എല്ലിസിനെ നിലനിര്‍ത്തിയിരുന്നു. പേസ് അറ്റാക്കില്‍ ചെന്നൈയുടെ പ്രധാന ബൗളറായിരുന്നു നഥാന്‍ എല്ലിസ്. 31കാരനായ എല്ലിസിന്റെ പരിക്ക് സി.എസ്.കെയ്ക്ക് വലിയ തിരിച്ചടിയാണെന്ന് ഫ്രാഞ്ചൈസിയുടെ സി.ഇ.ഒ കെ.എസ്. വിശ്വാനന്തന്‍ ദി ഹിന്ദുവിനോട് പറഞ്ഞു.
അതേസമയം ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്ലിന്റെ 19ാം എഡിഷനാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
എന്നാല്‍ ആരാധകരില്‍ ഭൂരിഭാഗവും കാത്തിരിക്കുന്നത് മാര്‍ച്ച് 30ന് ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തിനാണ്. വമ്പന്‍മാരായ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും പരസ്പരം ഏറ്റുമുട്ടാനിരിക്കുന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
Content Highlight: Sunil Gavaskar Talking About Chennai Super King Death Over Bowling
