ഏഷ്യാ കപ്പിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത്. ടൂര്‌നമെന്റിന് തിരശീലയുയര്‍ന്ന ഇനി വെറും മൂന്ന് ദിവസം മാത്രമാണുള്ളത്. ഇന്ത്യ സെപ്റ്റംബര്‍ പത്തിന് ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ ആരെല്ലാമാണ് പ്ലെയിങ് ഇലവനില്‍ എത്തുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. റിങ്കു സിങ്, ശിവം ദുബൈ എന്നിവര്‍ അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ടീമിന് ബാലന്‍സ് നല്‍കാന്‍ അക്സര്‍ പട്ടേലിനെയും കുല്‍ദീപ് യാദവിനെയും കളിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇടം കൈയ്യന്‍ താരമായത് കൊണ്ട് അക്സര്‍ പ്ലെയിങ് ഇലവനില്‍ എത്താന്‍ സാധ്യതയുണ്ട്. കൂടാതെ അവന് നാല് ഓവറുകള്‍ പന്തെറിയാനും കഴിയും. റിങ്കു സിങ്ങോ ശിവം ദുബൈയോ ടീമില്‍ നിന്ന് പുറത്തായേക്കും.
ഇന്ത്യ എട്ടാം നമ്പറില്‍ ഒരു ബാറ്ററെ കളിപ്പിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയെങ്കില്‍ അവിടെ കുല്‍ദീപ് യാദവ് എത്തും. പിന്നീടുള്ള മൂന്ന് പേര്‍ ഫാസ്റ്റ് ബൗളര്‍മാരായിരിക്കും എത്തുക,’ ഗവാസകര്‍ പറഞ്ഞു.
സെപ്റ്റംബര്‍ ഒമ്പതിന് തുടക്കമാവുന്ന ടൂര്‍ണമെന്റിന് ഇന്ത്യ 15 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നായകനായി സൂര്യകുമാര്‍ യാദവ് എത്തുമ്പോള്‍ വൈസ് ക്യാപ്റ്റന്റെ കുപ്പായത്തിലുള്ളത് ശുഭ്മന്‍ ഗില്ലാണ്. മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണും ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.