ബുംറയിൽ നിന്ന് പഠിക്കാൻ ഒരുപാടുണ്ട്, ഇന്ത്യൻ താരങ്ങൾ ഈ പ്രവണത തിരുത്തണം: ഗവാസ്കർ
Cricket
ബുംറയിൽ നിന്ന് പഠിക്കാൻ ഒരുപാടുണ്ട്, ഇന്ത്യൻ താരങ്ങൾ ഈ പ്രവണത തിരുത്തണം: ഗവാസ്കർ
ഫസീഹ പി.സി.
Friday, 6th March 2026, 11:33 am

2026 ടി – 20 ലോകകപ്പ് സെമി ഫൈനലിലെ ഇന്ത്യയുടെ വിജയത്തിൽ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ബുംറയായിരുന്നു എക്സ് ഫാക്ടറെന്നും താരമാണ് മത്സരത്തിലെ ഇരു ടീമുകളിലെയും വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച രീതിയിൽ പന്തെറിഞ്ഞ് തുടങ്ങി റൺസ് വഴങ്ങുന്നത് ഇന്ത്യൻ താരങ്ങൾ വളരെ പെട്ടെന്ന് തന്നെ തിരുത്തണമെന്നും ഇക്കാര്യത്തിൽ മറ്റ് ബൗളർമാർ ബുംറയെ കണ്ട് പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ടുഡേയിൽ സംസാരിക്കുകയായിരുന്നു ഗവാസ്കർ.

സുനിൽ ഗവാസ്കർ. Photo: Crictimes.com

‘ജസ്പ്രീത് ബുംറയാണ് ഈ മത്സരത്തിലെ പ്രധാന വ്യത്യാസം. വല്ലപ്പോഴും റൺസ് വഴങ്ങുമെങ്കിലും വിക്കറ്റുകൾ അവൻ നേടുകയും ചെയ്യും. നിർണായക ഓവറുകകൾ അവന്റെ കഴിവ് അതുല്യമാണ്. അതുകൊണ്ട് തന്നെ അവനായിരുന്നു ഈ മത്സരത്തിലെ വ്യത്യാസം എന്നാണ് ഞാൻ കരുതുന്നത്. മറ്റ് ബൗളർമാർ ബുംറയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.

അർഷ്ദീപ് സിങ്ങും നല്ലൊരു ഓവർ എറിഞ്ഞിരുന്നു. പക്ഷേ, അപ്പോഴും മികച്ച അഞ്ച് പന്തുകൾ എറിഞ്ഞിട്ട് ആറാം പന്തിൽ സിക്സ് വഴങ്ങുന്നു. അത് സമ്മർദം കുറക്കാൻ ബാറ്റർമാരെ സഹായിക്കുന്നു. അതിനാൽ ഈ പ്രവണത ഇന്ത്യൻ താരങ്ങൾ വളരെ പെട്ടെന്ന് തന്നെ തിരുത്തണം,’ ഗവാസ്കർ പറഞ്ഞു.

ജസ്പ്രീത് ബുംറ. Photo: Tanuj/x.com

മത്സരത്തിൽ ഇന്ത്യയുടെ റൺസ് പിന്തുടർന്ന് മികച്ച നിലയിൽ മുന്നേറി കൊണ്ടിരുന്ന ഇംഗ്ലണ്ടിന് കൂച്ച് വിലങ്ങിടുന്നതിൽ ബുംറ നിർണായക പങ്ക് വഹിച്ചിരുന്നു. തന്റെ അവസാന സ്പെല്ലിൽ താരം വെറും 14 റൺസ് മാത്രമാണ് വിട്ടുനൽകിയത്. 16ാം ഓവറിൽ എട്ട് റൺസും 18ാം ഓവറിൽ ആറ് റൺസുമാണ് താരം വഴങ്ങിയത്.

ഇംഗ്ലണ്ടിനെതിരെ ആകെ നാല് ഓവറിൽ ബുംറ 33 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. 8.25 എക്കോണമിലായിരുന്നു താരം പന്തെറിഞ്ഞത്. ഇന്ത്യൻ നിരയിൽ ഒമ്പതിന് താഴെ എക്കോണമിയുള്ള ഏക താരവും ബുംറ തന്നെയായിരുന്നു.

Content Highlight: Sunil Gavaskar says that Jasprit Bumrah was the difference in the semi final in T20 World Cup and Indian bowlers should learn from him

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി