ഈ തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴശിക്ഷ ഇരട്ടിയാക്കുകയാണ് ഒരേയൊരു പോംവഴി; ഇന്ത്യന്‍ താരങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനവുമായി ഗവാസ്‌കര്‍
Cricket
ഈ തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴശിക്ഷ ഇരട്ടിയാക്കുകയാണ് ഒരേയൊരു പോംവഴി; ഇന്ത്യന്‍ താരങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനവുമായി ഗവാസ്‌കര്‍
ശ്രീരാഗ് പാറക്കല്‍
Sunday, 30th August 2026, 3:59 pm

അച്ചടക്കമില്ലാത്ത ബൗളിങ്ങാണ് ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിക്കാത്തതിന് കാരണമെന്ന് ഇന്ത്യന്‍ ഇതിഹാസവും ക്രിക്കറ്റ് അനലിസ്റ്റുമായ സുനില്‍ ഗവാസ്‌കര്‍. ഇത്തരം നിരുത്തരവാദപരമായ പ്രകടനത്തിന് കളിക്കാര്‍ക്കും ബൗളിങ് കോച്ചിനും കനത്ത പിഴയിടണമെന്നും ഗാവസ്‌കര്‍ ആവശ്യപ്പെട്ടു.

രവീന്ദ്ര ജഡേജയും സാരാന്‍ഷ് ജെയിനുമെല്ലാം നിരവധി തവണയാണ് ഓവര്‍സ്റ്റ സ്റ്റെപ്പ് ചെയ്ത് നോബോള്‍ എറിഞ്ഞത്. എന്നാല്‍, കളിക്കാരുടെ ഈ വീഴ്ചയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘ഇന്ത്യന്‍ ബൗളര്‍മാരുടെ നോബോള്‍ ശരിക്കും ശിക്ഷ അര്‍ഹിക്കുന്ന ഒന്നാണ്. ഇതിനെക്കുറിച്ച് ഗൗരവതരമായ പരിശോധന ആവശ്യമാണ്. ഒരു മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ ഇതിന് കഴിയും. കളിയില്‍ പൂര്‍ണമായും കളിക്കാരുടെ നിയന്ത്രണത്തിലുള്ള ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ഒരു ബൗളര്‍ നോബോള്‍ എറിയാതിരിക്കുന്നത്.

റണ്ണപ്പ് അടയാളപ്പെടുത്താന്‍ ടേപ്പ് ലഭ്യമായ ഇക്കാലത്ത് ഇതുപോലെ ഓവര്‍ സ്റ്റെപ്പ് ചെയ്യുന്നതിന് യാതൊരുവിധ ന്യായീകരണവുമില്ല. നോബോളിന് പിഴയായി ഫ്രീഹിറ്റ് നല്‍കിയാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും എന്നാണ് ഇന്ത്യയുടെ സ്പിന്നിങ് കോച്ച് തമാശരൂപേണ പറഞ്ഞത്. ദയവുചെയ്ത് ടെസ്റ്റില്‍ റണ്‍ നേടുന്നത് ബാറ്റര്‍മാര്‍ക്ക് എളുപ്പമുള്ള കാര്യമാക്കാതിരിക്കുക.

ഈ തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴശിക്ഷ ഇരട്ടിയാക്കുകയാണ് ഒരേയൊരു പോംവഴി. ബൗളര്‍ അത് വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ ബൗളിങ് കോച്ചിന് കൂടി പിഴ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കാവുന്നതാണ്. ത്രോയ്ക്ക് ബാക്കപ്പ് നല്‍കാത്തതും ഇത്തരത്തില്‍ പിഴശിക്ഷയുടെ പരിധിയില്‍ കൊണ്ടുവരാവുന്നതാണ്,’ ഗവസ്‌കര്‍ മിഡ് ഡെയ് കോളത്തില്‍ കുറിച്ചു.

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്ക 290ന് ഓള്‍ ഔട്ട് ആകുകയും ഫോളോ ഓണിന് നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. ഇതോടെ രണ്ടാം ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സ് നേടി മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

സെഞ്ച്വറി നേടി ക്രീസില്‍ പിടിച്ചുനിന്ന സോനല്‍ ദിനുഷയാണ് ലങ്കയെ രണ്ടാം മത്സരത്തിലെ തോല്‍വിയില്‍ നിന്ന് കരകയറ്റിയത്. കളിയിലെ താരവും സോനലാണ്. രണ്ട് ടെസ്റ്റിലെയും നാല് ഇന്നിങ്സില്‍ നിന്ന് 420 റണ്‍സാണ് താരം അടിച്ചെടുത്തത്. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണ് താരം ലങ്കയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത്.

 

Content Highlight: Sunil Gavaskar Criticize Indian Bowlers

 

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ